യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

184


courtesy : mathrubhumi
തിരുവനന്തപുരം: സാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ 12 മണിമുതല്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. മാര്‍ച്ചിനിടയില്‍ പോലീസിന് നേരെ കല്ലേറുണ്ടായി. പിന്നാലെ നിരവധി തവണ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.സമരക്കാര്‍ പോലീസിന് നേരെ ചീമുട്ടയേറും നടത്തി.ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. നിരാഹാര സമരം നടത്തുന്ന സമര പന്തലിലേക്കും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.കണ്ണീര്‍വാതക പ്രയോഗത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡീന്‍ കുര്യാക്കോസിനേയും സിആര്‍ മഹേഷിനേയും ആസ്പത്രിയിലേക്ക് മാറ്റി.നിരാഹാര പന്തലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗം നടത്തിയത് കരുതിക്കൂട്ടിയാണെന്നും. മുഖ്യമന്ത്രിക്ക് സര്‍ സി.പിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിമര്‍ശിച്ചു. പിണറായിക്ക് അധികാര ഭ്രാന്ത് വന്നിരിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.