കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന 14 വയസുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വികടറിന്റെ മകനെ കസ്റ്റഡിയിലെടുത്തത്. 2010ല്‍ തന്നെ കുട്ടിയുടെ മരണം സംബന്ധിച്ച് പരാതി കിട്ടിയിരുന്നെങ്കിലും അന്വേഷണത്തില്‍ കുണ്ടറ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും വ്യക്തമായി. 2010 ജൂണിലാണ് കുണ്ടറയില്‍ 14 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയും സഹോദരിയും മരണത്തില്‍ ദരൂഹത ആരോപിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പോലും കുണ്ടറ പൊലീസ് തയ്യാറായില്ല. ഇതടക്കം ഗുരുതരമായ വീഴ്ചയാണ് കേസ് അന്വേഷണത്തില്‍ പൊലീസിനുണ്ടായത്. മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. മരണത്തില്‍ ദുരൂഹത ഉണ്ടായിട്ടും കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചില്ല. കുണ്ടറ ബലാത്സംഗക്കേസില്‍ സസ്‌പെന്‍ഷനിലായ സി.ഐ ഷാബു തന്നെയാണ് ഈ കേസും അന്വേഷിച്ചത്.
ബലാത്സംഗക്കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതിയെ ഭയമായിരുന്നതിനാലാണ് ഇത്രയും നാള്‍ ഈ സംഭവങ്ങള്‍ തനിക്ക് പുറത്തുപറയാന്‍ കഴിയാതെ പോയതെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ അറസ്റ്റിലായതിന് ശേഷമാണ് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ പരാതി നല്‍കിയത്. പരാതി ഗൗരവത്തിലെടുത്ത് അന്വേഷണം നടത്താനാണ് കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് കൊല്ലം ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവം നടന്നിട്ട് ഏഴ് വര്‍ഷമായതിനാല്‍ എത്രത്തോളം തെളിവുകള്‍ ഇനിയും അവശേഷിക്കുമെന്ന കാര്യത്തില്‍ സംശയമാണ്.