ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ജനുവരി 15ന്‌ തിരുവനന്തപുരത്ത്‌

97

സംസ്ഥാന സർക്കാർ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (GSFK) ജനുവരി 15ന്‌ തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസസ് പാർക്കിൽ നടക്കും.

വിവിധ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ശാസ്‌ത്രസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം സഹകരിക്കുന്ന ശാസ്‌ത്ര മഹോത്‌സവമാണിത്‌. കുട്ടികൾ, വിദ്യാർഥികൾ, ഉന്നതപഠനം നടത്തു ന്നവർ, വിവിധ അക്കാദമിക നിലവാരത്തിലുള്ളവർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ്‌ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ രൂപകൽപ്പന.

കല ആസ്വദിക്കാനും ശാസ്‌ത്രം ക്ലാസ് മുറികളിൽ പഠിക്കാനും ഉള്ളതാണെന്നതാണ് പൊതുബോധം. എന്നാൽ, ശാസ്‌ത്രത്തിന്‌ ആസ്വാദ്യത ഉണ്ടെന്നും കല കൂടി ചേരുമ്പോൾ അത് കൂടുതൽ കൂടുതൽ ആസ്വാദ്യകരമാകുമെന്നും തെളിയിക്കുകയാണ്‌ ലക്ഷ്യം. ശാസ്‌ത്രത്തിന്റെ മികച്ച വിനിമയത്തിന് കലയെ ഉപയോഗപ്പെടുത്തുകവഴി ലോകത്തിന്റെ പലഭാഗത്തും പ്രചാരത്തിലാകുന്ന ‘സ്റ്റീം ’(STEAM –-Science, Technology, Engineering, Art and Mathematics) എന്ന സമീപനരീതിയാണ് ഇവിടെയും പിൻതുടരുന്നത്. ഇത്‌ വെറും പ്രദർശനമല്ല. ശാസ്‌ത്രത്തിന്റെ സ്വാധീനവും അത്‌ മാനവരാശിക്ക്‌ നൽകുന്ന സംഭാവനകളും നേരിട്ട്‌ അനുഭവിച്ചറിയാനുള്ള വലിയ സംരഭമാണ്‌. ശാസ്‌ത്രത്തെ അതിന്റെ ഉൽപ്പന്നംമാത്രമായ സാങ്കേതികവിദ്യയിൽനിന്നും വേർതിരിച്ചുകാണുക എന്നതാണ്‌ അടിസ്ഥാനം.മനുഷ്യന്റെ ശാസ്‌ത്രം എന്ന വിഷയത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ പ്രദർശനം ഒരുക്കുന്നത്‌. പ്രപഞ്ചോൽപ്പത്തിമുതൽ ഇന്നുവരെ യുള്ള ചരിത്രത്തിൽ മനുഷ്യന്റെ സ്ഥാനം, അനന്യത, സങ്കീർണത എന്നിങ്ങനെ പല വശങ്ങൾ പലതരം പ്രദർശനോപാധികളിലൂടെ അവതരിപ്പിക്കും. പ്രപഞ്ചം ഉണ്ടാകുന്നു, സൗരയൂഥവും ഭൂമിയും ഉണ്ടാകുന്നു, ഭൂമിയിൽ ജീവനുണ്ടാകുന്നു, ഏകകോശജീവികളും പ്രകാശസംശ്ലേഷണവും ഉരുത്തിരിയുന്നു, ബഹുകോശജീവികളിലൂടെ ജീവപരിണാമം വഴി വിശാലമായ ജൈവവൈവിധ്യം ഉണ്ടാകുന്നു, അതിലൊന്നായി മനുഷ്യവർഗം ഉരുത്തിരിയുന്നു, ഭാഷയും കൃഷിയും ഒക്കെയായി പ്രബല ജീവിവർഗമായി മനുഷ്യർ മാറുന്നു.

ആ മനുഷ്യർ ഇന്ന് ചിന്തിക്കുന്ന യന്ത്രങ്ങളെ ഉണ്ടാക്കാൻ ശ്രമിക്കുന്നിടംവരെ എത്തിനിൽക്കുന്ന കഥയാണ് പ്രദർശന വിഷയം. ലോകോത്തര സാങ്കേതിക വിദ്യയുടെ പിൻബലത്തിലാണ്‌ ഇവയെല്ലാം ഒരുക്കുക. കൃത്രിമമായി നിർമിച്ച പ്രത്യേകഫെസ്റ്റിവൽ കോംപ്ലക്‌സിനുള്ളിലായിരിക്കും പ്രദർശനം. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ്‌ ഡാർവിൻ സഞ്ചരിച്ച എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിന്റെ രൂപം, മസ്തിഷ്‌കത്തിനുള്ളിലൂടെ നടക്കാനും മനസിലാക്കാനും സാധിക്കുന്ന വാക്ക്-ഇൻ, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുമുള്ള ഭൂമിയുടെ കാഴ്ച, ഒരു ടൈറനോസറസ് ദിനോസറിന്റെ യഥാർഥ വലിപ്പമുള്ള ഫോസിൽ. തുടങ്ങി അസാധാരണ കാഴ്‌ചകളും. ശാസ്‌ത്ര സാങ്കേതികരംഗത്ത്‌ വരുംകാലങ്ങളിൽ ഉണ്ടാകാൻ പോകുന്ന അത്‌ഭുതങ്ങളും അറിയാം. അത്‌ എങ്ങനെ മനുഷ്യ സമൂഹത്തെ മാറ്റിമറിക്കുന്നു എന്നും.ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, കൃത്രിമ ബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും നേരിട്ടറിയാനും അവസരമുണ്ട്‌. ഒപ്പം ഈ രംഗങ്ങളിൽ നടക്കുന്ന വമ്പൻ ഗവേഷണങ്ങളും. അടുത്തിടെ വലിയ ശ്രദ്ധയാകർഷിച്ച മ്യൂസിയം ഓഫ് ദ് മൂൺ ജിഎസ്എഫ്‌കെയിലെ സ്ഥിരം എക്‌സിബിറ്റായിരിക്കും. യുഎസ് കോൺസുലേറ്റ് ജനറൽ, ബ്രിട്ടിഷ് കൗൺസിൽ, ജർമൻ കോൺസുലേറ്റ്, അലിയാൻസ് ഫ്രാൻസൈസ്, ഐഎസ്ആർഒ, ഐസർ തിരുവനന്തപുരം, സിഎസ്‌ഐആർ, ഐഐഎസ്ടി എന്നിങ്ങനെ നിരവധി അന്തർദേശീയ, ദേശീയ ഏജൻസികളും ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാകും. നൊബേൽ ജേതാവ് മോർട്ടൻ പി മെൽഡൽ, നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ എന്നിങ്ങനെ അന്താരാഷ്ട്ര പ്രശസ്തിയുള്ള നിരവധി പ്രതിഭകൾ പ്രഭാഷണം നടത്തും.

20 ഏക്കറിലായി ഒരു മാസം നീളുന്ന ഫെസ്റ്റിവൽ ഫെബ്രുവരി 15 നാണ് അവസാനിക്കുന്നത്

NO COMMENTS

LEAVE A REPLY