യൂ ട്യൂബും ലൈവ് സ്ട്രീമിങ് യുദ്ധത്തിന്

238

മൊബൈല്‍ ലൈവ് സ്ട്രീമിങ് എന്ന യുദ്ധക്കളത്തിലേക്ക് യൂട്യൂബ് കൂടി എത്തുന്നതോടെയാണു ആപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ സജീവമാകുന്നത്. ട്വിറ്ററിന്റെ പെരിസ്കോപ്പ്, ഫെയ്സ്ബുക് ലൈവ്സ്ട്രീമിങ് എന്നിവ ഇപ്പോള്‍ത്തന്നെ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ഫോണ്‍ വഴി ലൈവായി ലോകത്തോടു സംവദിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്. ഇതേ ശ്രേണിയിലേക്കാണു യൂട്യൂബുമെത്തുന്നത്. 2011ല്‍ത്തന്നെ ലൈവ് സ്ട്രീമിങ് എന്ന ആശയം അവതരിപ്പിച്ച യുട്യൂബ് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കിയെങ്കിലും മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നില്ല.
എന്നാല്‍ ഈ സമയത്ത് പെരിസ്കോപ്പും ഫെയ്സ്ബുക് ലൈവും കളം പിടിച്ചു. ഇതോടെയാണു മൊബൈല്‍ ലൈവ് സ്ട്രീമിങിലേക്ക് രംഗപ്രവേശം ചെയ്യാന്‍ യൂട്യൂബ് തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം ബ്ലോഗിലൂടെയാണു ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ ഉടന്‍തന്നെ ലൈവ് സ്ട്രീമിങ് സംവിധാനം എത്തുമെന്ന് യുട്യൂബ് വ്യക്തമാക്കിയത്.
പ്രിന്‍സ് വില്യമിന്റെയും കെയ്റ്റ് മിഡില്‍ടണിന്റെയും റോയല്‍ വെഡിങ് ലൈവായി ലോകം മുഴുവന്‍ എത്തിച്ചാണു ലൈവ് സ്ട്രീമിങിലേക്ക് യൂട്യൂബ് ആദ്യ ചുവടു വച്ചത്. 2012ല്‍ ഫെലിക്സ് ബൊംഗാര്‍ട്നറുടെ ചരിത്രപ്രസിദ്ധമായ ആകാശ ഡൈവിങ് ചിത്രീകരിച്ചു വീണ്ടും ശ്രദ്ധ നേടി. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ആറിലൊരാള്‍ ഈ വിഡിയോ കണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 360 ഡിഗ്രി വിഡിയോയും പുറത്തു വിട്ട് യൂട്യൂബ് വൈവിധ്യം വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായാണു മൊബൈല്‍ ലൈവ് സ്ട്രീമിങ് പുറത്തിറക്കുന്നതെന്നു കമ്ബനി വ്യക്തമാക്കുന്നു.
ട്വിറ്ററിന്റെ ഭാഗമായ പെരിസ്കോപ്പിനേക്കാള്‍ ഫെയ്സ്ബുക് ലൈവ് സ്ട്രീമിങിനാണു കൂടുതല്‍ പ്രചാരം ഇന്ത്യയില്‍ ലഭിച്ചത്. ഫെയ്സ്ബുക് പേജ് വഴി ലൈവ് വിഡിയോകള്‍ സബ്സ്ക്രൈബ് ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും ഫോളോ ചെയ്യാനും സാധിക്കും. ട്വിറ്ററിന്റെ പെരിസ്കോപ്പില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി വേണം ‘ലൈവാകാന്‍’. ഇതു ട്വിറ്റര്‍ വഴി ലോകത്തെ അറിയിക്കാനുമാകും. ഈ ശ്രേണിയിലേക്ക് യൂട്യൂബും എത്തുന്നതോടെ ‘ലൈവിന്റെ’ പൊടിപൂരമായിരിക്കും ഇനി.