വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച്‌ മുഖ്യമന്ത്രി

205

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച്‌ മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുകച്ച്‌ പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിജിലന്‍സിന് നിരക്കാത്തതൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്‍റെ വീട്ടില്‍ നടന്ന റെയ്ഡില്‍ വിജിലന്‍സിന് വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ അദ്ദേഹം നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില ശക്തികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയും ജേക്കബ് തോമസുമായി ബന്ധപ്പെട്ട സബ്മിഷനും മറ്റും നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയിരുന്നു. അപ്പോഴും ജേക്കബ് തോമസിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി എടുത്തിരുന്നത്.

NO COMMENTS

LEAVE A REPLY