ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റുമരിച്ചു

185

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരിച്ചത്. കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ഉടന്‍ തന്നെ ബാലാജി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ 18 വയസ്സുകാരനും മറ്റൊരാള്‍ക്ക് 18 വയസ്സ് തികഞ്ഞിട്ടുമില്ല.പ്ലസ്ടു വിദ്യാര്‍ഥികളില്‍ ഒരാളെ അടുത്തിടെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ നടക്കുന്നതിനിടെ ഈ കുട്ടി ഹാളിലെത്തി അധ്യാപകനുമായി വാക്കേറ്റം നടത്തി. ഈ സമയം ഈ കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥി പരീക്ഷ എഴുതിക്കൊണ്ടിരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അധ്യാപകനെതിരെ തിരിഞ്ഞു. രണ്ട് പേരും ചേര്‍ന്ന് അധ്യാപകനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് കൈയിലിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തിയ ശേഷം രണ്ട് പേരും രക്ഷപെടുകയായിരുന്നു.മുകേഷ് കുമാറിനേയും പ്രിന്‍സിപ്പലിനേയും ഈ രണ്ട് കുട്ടികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ രണ്ട് പേരും പല തവണ സ്കൂള്‍ പരീക്ഷയില്‍ തോറ്റവരാണ്. മൂന്നു തവണ പരീക്ഷയില്‍ തോറ്റ ആറ് കുട്ടികള്‍ സ്കൂളിലുണ്ടെന്നും ഇവരുടെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷ് കുമാറിന്റെ ബന്ധു പറഞ്ഞു.

NO COMMENTS

LEAVE A REPLY