മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം തിരഞ്ഞ അർഷിദ് ഖുറേഷി മുംബൈയിൽ അറസ്റ്റിൽ

189

മുംബൈ ∙ മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം തിരഞ്ഞ അർഷിദ് ഖുറേഷി മുംബൈയിൽ അറസ്റ്റിൽ. കൊച്ചി സ്വദേശി മെറിൻ എന്ന മറിയത്തെ കാണാതായ കേസിൽ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ ഖുറേഷിക്ക് ഇസ്‍ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‍ലാ‍മിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. മെറിനും ഭർത്താവ് യഹിയയും മുംബൈയിൽ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടർന്നു ഖുറേഷിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു.

രാത്രി പത്തുമണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. നവി മുംബൈയിൽ വച്ചാണ് ഖുറേഷിയെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഉടൻതന്നെ കേരളത്തിലെത്തിക്കും. കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക.

മെറിന്റെ സഹോദരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഖുറേഷിയിലെത്തിയത്. ഖുറേഷിയുടെ സംഘടനാ ബന്ധങ്ങളും വിദേശ ബന്ധങ്ങളും എൻഐഎയും മുംബൈ പൊലീസും പരിശോധിച്ചിരുന്നു. സഹോദരനെ മെറിനും യഹിയയും ചേർന്നു മതം മാറ്റാൻ ശ്രമിച്ചതായും അതിനായി ഖുറേഷിയെ സന്ദർശിക്കാൻ നിർബന്ധിച്ചതായും മൊഴിയുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY