കോഴിക്കോട് കലക്ടർ എംപി രാഘവനോട് ക്ഷമ പറഞ്ഞു

220

കോഴിക്കോട് ∙ എം.കെ. രാഘവൻ എംപിയുമായുള്ള തർക്കത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്ത് ക്ഷമ പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലാണ് കലക്ടർ നിരുപാധികം ക്ഷമ ചോദിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത്‌ എന്റെ സ്വകാര്യ ഫേസ്ബുക്ക്‌ പേജാണ്‌. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാൻ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം. ബഹു. കോഴിക്കോട്‌ എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതിൽ വിഷമമുണ്ട്‌. വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായി തന്നെ പറഞ്ഞ്‌ തീർക്കണം എന്നുമുണ്ട്‌. തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരും ഉണ്ട്‌ എന്നും ഞാൻ മനസ്സിലാക്കുന്നു.

ബഹു. എം.പി.യെ അപമാനിക്കാൻ ഞാൻ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട്‌ അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാർമ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകൾ പറയണമെങ്കിൽ അദ്ദേഹത്തിന്‌ എന്നോട്‌ എന്ത്‌ മാത്രം ദേഷ്യം തോന്നിക്കാണും. അതിന്‌ ഞാൻ തന്നെയാണ്‌ പൂർണ്ണമായും ഉത്തരവാദി എന്ന് പറയാൻ എനിക്ക്‌ മടിയില്ല.

ചില കാര്യങ്ങളിൽ, ചില സന്ദർഭങ്ങളിൽ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട്‌ എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്‌ എന്ന് തന്നെയാണ്‌ എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന്‌ വിഷമം തോന്നിച്ച, എന്റെ ഭാഗത്ത്‌ നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്‌. കാര്യങ്ങൾ പറഞ്ഞ്‌ നേരിട്ട്‌ ബോധ്യപ്പെടുത്താനാകും എന്നാണ്‌ എന്റെ വിശ്വാസം, കോഴിക്കോടിന്‌ വേണ്ടി.

NO COMMENTS

LEAVE A REPLY