കാവ്യാ മാധവനുമായി അഭിനയിക്കില്ലെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് ദിലീപ്

1095

വിവാദങ്ങളുണ്ടെന്ന് കരുതി കാവ്യാ മാധവനുമായി അഭിനയിക്കില്ലെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് പ്രശസ്ത താരം ദിലീപ്. ഒരു സിനിമയും അങ്ങനെ ഉപേക്ഷിച്ചിട്ടുമില്ല. പ്രേക്ഷക മനസില്‍ ഇടം നേടിയ നല്ല ജോഡികളാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ കുറച്ചുകൂടി സെലക്ടീവാകാന്‍ കാവ്യയും താനും ശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
ഞങ്ങള്‍ക്ക് പ്രേക്ഷകര്‍ തന്ന വില കളയരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലായിരുന്നു ഒടുവില്‍ അഭിനയിച്ചത്. അടൂര്‍ സാറിന്റെ ചിത്രം ഞങ്ങള്‍ ഒരുമിച്ച്‌ വേഷമിടുന്ന ഇരുപതാമത്തെ ചിത്രമാണ്. മുന്‍പ് ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം കൊമേഴ്സ്യല്‍ വിജയം നേടിയവയാണ്. അതെല്ലാം വളരെ ഇഷ്ടപ്പെട്ടുചെയ്ത ചിത്രങ്ങളുമാണ്.
അടൂര്‍ സാറിന്റെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മനസില്‍ കണ്ടുതന്നെയാണ് എഴുതിയത്. പക്ഷേ എന്നോട് സംസാരിക്കുമ്ബോള്‍ കാവ്യയാണ് ദേവി എന്ന കഥാപാത്രത്തെ ചെയ്യുന്നതെന്ന് പറഞ്ഞിരുന്നില്ല. പിന്നെ പറഞ്ഞു, കാവ്യയെയാണ് ഞാന്‍ നായികയാക്കുന്നത് കുഴപ്പമില്ലല്ലോ, നിങ്ങള്‍ കുറച്ചുനാളായില്ലേ ഒന്നിച്ചഭിനയച്ചിട്ട് എന്നും ചോദിക്കുകയായിരുന്നു.
ഒരു സംവിധായകന്റെ വേറൊരു കാഴ്ചപ്പാടിലുള്ള ചിത്രമാണ് പിന്നെയും. ഇതില്‍ ശക്തമായ പ്രണയമുണ്ട്. തീവ്രമായ പ്രണയമുണ്ടായാല്‍ മാത്രം വര്‍ക്ക് ഔട്ട് ആകുന്ന സീനുകളുണ്ട്. പ്രണയം വരുമ്ബോള്‍ മോഹങ്ങളും അതിമോഹങ്ങളും വരും. അതൊക്കെ ഇതിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒന്നിക്കുന്ന ചിത്രമാണ് അടൂരിന്റെ പിന്നെയും. 2008ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന തുടങ്ങിയവര്‍ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തും.
അടൂരിനൊപ്പം കാവ്യമാധവന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യ മാധവും അവസാനമായി ഒന്നിച്ചത്.

NO COMMENTS

LEAVE A REPLY