പാക്ക് സ്കൂളുകളിൽ പഠിക്കുന്ന, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു

182

ന്യൂഡൽഹി∙ പാക്ക് സ്കൂളുകളിൽ പഠിക്കുന്ന, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, സുരക്ഷാകാരണങ്ങളാലാണ് തീരുമാനം. കഴിഞ്ഞ ഒരുമാസമായി ഇതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം. കശ്മീരിലെ ഇന്ത്യൻ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രകടനങ്ങൾ നടന്നിരുന്നു. തുടർന്ന്, പാക്കിസ്ഥാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കുള്ള സുരക്ഷ ശക്തമാക്കാൻ ന്യൂഡൽഹി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

അന്‍പതിലധികം ഇന്ത്യൻ വിദ്യാർഥികൾ ഇസ്‍ലാമാബാദിലെ അമേരിക്കൻ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്നാണു കണക്ക്. തീരുമാനം നടപ്പിലായാൽ ഇവരെല്ലാം ഇന്ത്യയിലേക്കു മടങ്ങേണ്ടി വരും. ഇന്ത്യയുടെ നീക്കത്തിനു തിരിച്ചടിയായി, പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാനും തിരിച്ചുവിളിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

അതേസമയം, നയതന്ത്രസാഹചര്യങ്ങൾ വിലയിരുത്തി ജീവനക്കാരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചുമുള്ള നയങ്ങളിൽ മാറ്റംവരുത്തുന്നത് രാജ്യങ്ങൾ സാധാരണ ചെയ്യാറുള്ളതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്കൂൾ വർഷം തുടങ്ങുന്നതിനുമുൻപു വിദ്യാർഥികളെ തിരിച്ചെത്തിക്കാനായി കഴിഞ്ഞവർഷംതന്നെ തീരുമാനമെടുത്തിരുന്നെന്നും മന്ത്രാലയവക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY