ഒൻപതു ട്രഷറി ജീവനക്കാർക്കെതിരെ വിജിലൻസ് കേസ്

154

തൃശൂർ ∙ മരിച്ചവരുടേതടക്കം 19 പെൻഷൻകാരുടെ അക്കൗണ്ടുകളിൽ നിന്നു വ്യാജരേഖ ചമച്ച് 60 ലക്ഷം രൂപയോളം തട്ടിയ ഒൻപതു ട്രഷറി ജീവനക്കാർക്കെതിരെ വിജിലൻസ് കേസെടുത്തു. കൊടുങ്ങല്ലൂർ സബ് ട്രഷറി ജൂനിയർ സൂപ്രണ്ടായിരുന്ന കെ.എം. അലിക്കുഞ്ഞ്, സീനിയർ അക്കൗണ്ടന്റ‍‌ുമാരായ പി.കെ. അബ്ദുൽ മനാഫ്, ടി.ജെ. സൈമൺ, ട്രഷറർ പി.ഐ. സഫീന, ജൂനിയർ സൂപ്രണ്ടുമാരായ ടി.ജെ. സുരേഷ് കുമാർ, എ.കെ. ജമീല, കെ.ഐ. സുശീല, പി.എൻ. അനിൽ കുമാർ, സബ് ട്രഷറി ഓഫിസർ മുഹമ്മദ് ബഷീർ എന്നിവർക്കെതിരെയാണ് ഗുരുതര ക്രമക്കേടിനു കേസെടുത്തത്.

2010 മുതൽ 2014 വരെയുള്ള നാലുവർഷത്തിനിടയിലാണ് ട്രഷറി ഉദ്യോഗസ്ഥർ സംയുക്ത വെട്ടിപ്പു നടത്തിയത്. പെൻഷൻ ഗുണഭോക്താക്കൾ മരിച്ചാൽ പെൻഷൻ മാസ്റ്റർ യഥാസമയം നിർത്തലാക്കണമെന്നും സൂപ്പർവൈസറി ഉദ്യോഗസ്ഥൻമാർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നുമാണ് നിയമം. എന്നാൽ, കൊടുങ്ങല്ലൂർ സബ് ട്രഷറിയിൽ ഇത്തരം പരിശോധനകളൊന്നും യഥാസമയം നടക്കാതിരുന്നതിനാൽ ട്രഷറി ഉദ്യോഗസ്ഥർ അതിവിദഗ്ധമായാണ് ‘പങ്കാളിത്ത വെട്ടിപ്പു’ തുടർന്നത്.

നാലുവർഷത്തിനിടെ 403 സ്പെല്ലുകളിലായി 19 പേരുടെ അക്കൗണ്ടുകളിൽ നിന്നു വ്യാജരേഖ ചമച്ച് ഇവർ തട്ടിയെടുത്തത് 59,46,000 രൂപ! മരണപ്പെട്ട പെൻഷൻകാരുടെ പേരിൽ കള്ളയൊപ്പിട്ടു വ്യാജ അപേക്ഷകൾ തയാറാക്കി ചെക്ബുക്കുകൾ കൈവശപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ഈ ചെക്കുകളിൽ കളളയൊപ്പിട്ടു പണം പിൻവലിക്കുകയും ചെയ്യും. വ്യാജ പിടിഎസ്ബി അക്കൗണ്ടുകൾ സൃഷ്ടിച്ചും വ്യാജ ഫാമിലി പെൻഷനുകൾ അനുവദിച്ചും തെറ്റായി പെൻഷൻ കുടിശികകൾ വിതരണം ചെയ്തും ഇവർ തട്ടിപ്പ് യഥേഷ്ടം തുടർന്നു.

അലിക്കുഞ്ഞായിരുന്നു തട്ടിപ്പിന്റെ സൂത്രധാരനെന്നു വിജിലൻസ് സംഘം കണ്ടെത്തി. ട്രഷറീസ് ഡയറക്ടറുടെ നിർദേശപ്രകാരം വിജിലൻസ് ഡയറക്ടർ നൽകിയഉത്തരവനുസരിച്ച് വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡില‍ാണ് തട്ടിപ്പു പുറത്തുവന്നത്. സൂപ്പർവൈസറി ഉദ്യോഗസ്ഥൻമാർ പരിശോധനകൾ നടത്താതി‍രുന്നതാണ് ഇത്രയുംകാലം തട്ടിപ്പു മൂടിവയ്ക്കാൻ ഇടയായത്. ഞെട്ടിക്കുന്ന വെട്ടിപ്പിന്റെ കഥ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ട്രഷറി ഓഫിസുകളിൽ പരിശോധന നടന്നേക്കാനിടയുണ്ട്.

NO COMMENTS

LEAVE A REPLY