ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി

214

ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്ബാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി വാക്താവ് ഷൈന എന്‍.സി. പറഞ്ഞു.
കശ്മീരിനെ ശവപ്പറമ്ബാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ കരുതിയിരിക്കുന്നതാണ് നല്ലത്.ബുറഹാന്‍ വാനിക്ക് സംഭവിച്ചതുപോലുള്ള കാര്യങ്ങളായിരിക്കും അതിന്റെ അനന്തരഫലം -ഷൈന പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാണെന്ന് കരുതേണ്ടെന്നും വിഘടനവാദികള്‍ക്കു മേല്‍ നടപടി എടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ദ് സലാഹുദ്ദീന്‍ കശ്മീരില്‍ കൂടുതല്‍ ചാവേറുകളെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ പട്ടാളത്തെ നേരിടുമെന്ന് പറഞ്ഞത്. കശ്മീരില്‍ സമാധാനശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വാനി കൊല്ലപ്പെട്ടതോടെ കശ്മീര്‍ പോരാട്ടങ്ങള്‍ നിര്‍ണായ ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു.