ജനങ്ങളെ തമ്മില്‍ വേര്‍തിരിച്ച്‌, തമ്മിലടിപ്പിക്കുവാന്‍ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം ചെറുത്തു തോല്‍പ്പിക്കണം : പിണറായി വിജയന്‍

202

ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രസംവിധാനം വിഭാവനം ചെയ്യുന്ന ഭരണഘടനയെ അംഗീകരിച്ച്‌ അതിനനുസൃതമായി നിലനില്‍ക്കുന്ന ഇന്ത്യ എന്ന ദേശരാഷ്ട്രം നിലവില്‍ വന്നത് 1950 ജനുവരി 26 നാണല്ലോ? ജനുവരി 26 നാം റിപ്പബ്ലിക് ദിനമായി ആചരിക്കുകയും ഭരണഘടനാ ശില്പിയും ദാര്‍ശനികനുമായ ശ്രീ. ബി. ആര്‍. അംബേദ്കറെ അനുസ്മരിക്കുകയും ചെയ്തു വരികയാണ്.

രാജ്യം റിപ്പബ്ലിക് ദിനമാചരിക്കുന്ന വേളയില്‍ ചില വസ്തുതകള്‍ സൂചിപ്പിക്കുവാനാഗ്രഹിക്കുന്നു.
ദേശീയത എന്നത് ഏകശിലാത്മകമായ ഒരു ആശയമല്ലായെന്നത് ഏറ്റവുമധികം വെളിപ്പെടുത്തുന്ന ഒരു രാഷ്ട്രസംവിധാനമാണ് ഇന്ത്യയുടേത്. ഫെഡറല്‍ ഭരണസംവിധാനമാണ് നമ്മുടേത്. വിവിധ ദേശീയതകളെ അംഗീകരിച്ച്‌, വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കി, അധികാരം വികേന്ദ്രീകരിച്ച്‌, എന്നാല്‍ ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു പോരുന്ന വിശാലമായൊരു ദേശീയതയാണ് നമ്മുടേത്. ബഹുസ്വരതയാണ് അതിന്റെ മുഖമുദ്ര. എന്നാല്‍, ഈ ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. വിവിധ ഭാഷകള്‍, വിവിധ സംസ്കാരങ്ങള്‍, വിവിധ ആചാരങ്ങള്‍, വിവിധ മതവിശ്വാസങ്ങള്‍ എന്നിവ പിന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്കാരത്തില്‍ തളച്ചിടാനുള്ള ഏതു ശ്രമവും പൊതുദേശീയതയ്ക്ക് വെല്ലുവിളി ആയിരിക്കും. നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മില്‍ വേര്‍തിരിച്ച്‌, തമ്മിലടിപ്പിക്കുവാന്‍ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

അതോടൊപ്പം തന്നെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്കു കൊണ്ടു വരാനും വികസന പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കാനുമുള്ള ക്രിയാത്മകമായ പരിശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. സ്ത്രീകളും കുട്ടികളും ദളിതരും വനവാസികളുമടക്കം ദേശീയ പൊതുധാരയില്‍ ഇനിയും പ്രാമുഖ്യം ലഭിക്കാത്തവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. പക്ഷേ, പലേടത്തും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ നടപ്പിലാക്കുന്നതില്‍ നമ്മുടെ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു എന്ന് തിരിച്ചറിയണം. കടുത്ത വര്‍ഗീയതയും ഉച്ചനീചത്വങ്ങളും നടമാടിയിരുന്ന ഒരു സമൂഹത്തെ നവോഥാന-ദേശീയപ്രസ്ഥാന സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ മുന്നോട്ടു നയിച്ചു എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ രാജ്യത്തിന്‍്റെ അന്തസ്സാകെ തകര്‍ക്കുന്ന മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരെ സാമൂഹ്യമുന്നേറ്റത്തില്‍ പങ്കാളികളാക്കുവാന്‍ ശ്രമിക്കുന്ന രാജ്യത്ത് ദളിതര്‍ ചുട്ടുകൊല്ലപ്പെടുന്നതും കെട്ടിത്തൂക്കപ്പെടുന്നതും തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്നതും എന്ത് സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്?

സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യ റിപ്പബ്ലിക് ആയിട്ടും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു? ദാരിദ്ര്യം തുടച്ചുനീക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനോ നമുക്ക് കഴിഞ്ഞില്ലെന്നതോ പോട്ടെ, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും നമുക്കാവുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. പൗരന്‍്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍പോലും പൂര്‍ണ്ണമായി വിജയിക്കാന്‍ കഴിയാത്ത നാടാണ് നമ്മുടേത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോ അക്രമങ്ങളോ ഒഴിവാക്കി ചിന്തിച്ചാല്‍ പോലും ഭരണകൂട നടപടികളിലൂടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. രണ്ടായിരത്തിനു ശേഷം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഒന്നും രണ്ടുമല്ല, ലക്ഷങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന എല്ലാ യുദ്ധങ്ങളും കൂടി കണക്കിലെടുത്താലും അത്രയും ആള്‍ക്കാര്‍ മരിച്ചിട്ടുണ്ടാവില്ല. നമ്മുടെ രാജ്യം നടപ്പിലാക്കിയ നയങ്ങളുടെ ഭാഗമായി മരിച്ചവരുടെ കാര്യമാണിത്. കൃഷിക്കാരുടെ മരണം എന്നാല്‍ കൃഷിയുടെ മരണമാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങള്‍ ഇത്തരം നയവൈകല്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന അപകടങ്ങളുടെ അവസാന ഉദാഹരണമാണ്.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങള്‍ ആരോഗ്യകരമായി നിലനിന്നാല്‍ മാത്രമേ മൗലികാവകാശങ്ങള്‍ ഉള്‍പ്പടെയുള്ള പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കാവുകയുള്ളൂ. അധികാരവികേന്ദ്രീകരണത്തിലധിഷ്ഠിതമായതും സുഘടിതവുമായ ഒരു ഫെഡറല്‍ സംവിധാനമാണ് ഭരണഘടനാ നിര്‍മാതാക്കള്‍ സ്വപ്നം കണ്ടത്. ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയും ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാവില്ല. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തില്‍ പറയലല്ല, ന്യൂനപക്ഷത്തിന്‍്റെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണ്. അതിനുള്ള അവസരങ്ങള്‍ ഉണ്ടാവണം അവ സങ്കുചിത താത്പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയുകയും വേണം..

സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പൊതുവെ ഒരേ രാജ്യത്തെ ജനതയാണെന്ന ധാരണയോടെയും ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായാണ് പരിഹരിക്കപ്പെടേണ്ടത്. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ സങ്കല്പം പൂര്‍ണമായ അര്‍ത്ഥത്തില്‍ പുലരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സാംസ്കാരികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു വ്യവസ്ഥയും അടിച്ചേല്പിക്കപ്പെടാന്‍ ഇടവന്നുകൂടാ. തങ്ങള്‍ രണ്ടാംതരം പൗരന്മാരാണെന്നോ ഒഴിവാക്കപ്പെടുന്നവരാണെന്നോ രാജ്യത്തെ ഒരു ജനവിഭാഗത്തിനും തോന്നിക്കൂടാ. എല്ലാവരും മുഖ്യധാരയിലാവണം. സംസ്ഥാനത്ത് ആധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാലങ്ങളായി അരികിലേക്ക് തള്ളിമാറ്റപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണിവിടെയുള്ളത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിര്‍ത്തപ്പെടാനോ പാടില്ലെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.
എല്ലാവര്‍ക്കും റിപ്പബ്ളിക് ദിനാശംസകള്‍.

NO COMMENTS

LEAVE A REPLY