ഡിജിറ്റല്‍യുഗം സിനിമയെ ജനീകയമാക്കി, പക്ഷേ ദൃശ്യാനുഭവം നഷ്ടപ്പെടുത്തി: നീലന്‍

229

കൊച്ചി: ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വന്ന മാറ്റം സിനിമയെ ജനകീയമാക്കിയെങ്കിലും ദൃശ്യാനുഭവം നഷ്ടപ്പെടുത്തിയെന്ന് പ്രശസ്ത ദൃശ്യഭാഷാവിദഗ്ധന്‍ നീലന്‍ അഭിപ്രായപ്പെട്ടു. അബ്ബാസ് കിയരോസ്താമിയുടെ സിനിമകളെക്കുറിച്ച് കൊച്ചിയില്‍ നടക്കുന്ന ‘സൈന്‍സ്’ ഹ്രസ്വചിത്ര-ഡോക്കുമെന്ററി മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമയിലെ വൈകാരികതയില്‍ നിന്ന് പ്രേക്ഷകനെ വേര്‍പെടുത്തി അതിന്റെ പ്രമേയംചര്‍ച്ച ചെയ്യിപ്പിക്കുന്നതാണ് ഇറാനിയന്‍ സംവിധായകന്‍ അബാസ് കിയരോസ്താമിയുടെ സിനിമകള്‍ എന്ന് നീലന്‍ ചൂണ്ടിക്കാട്ടി. വികാരതീവ്രമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന പ്രേക്ഷകനെ ഇത് സിനിമയാണെന്ന് ഓര്‍മ്മിപ്പിക്കാനുള്ള മികച്ച നുറുങ്ങുകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാം. ടേയ്സ്റ്റ് ഓഫ് ചെറി എന്ന അദ്ദേഹത്തിന്റെ ഹ്രസ്വചിത്രമാണ് ഉദാഹരണമായി നീലന്‍ എടുത്തുകാട്ടിയത്. നായകന്‍ ആത്മഹത്യ ചെയ്യുമോയെന്ന ആകാംക്ഷയില്‍ നില്‍ക്കുന്ന പ്രേക്ഷകനെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ ദൃശ്യങ്ങള്‍ കാട്ടിയാണ് കിയരോസ്താമി വൈകാരികതയില്‍നിന്ന് മോചിപ്പിക്കുന്നത്.ശബ്ദവും നിറവും തുടങ്ങി നിഴലുകള്‍ പോലും സിനിമയുടെ പ്രമേയവുമായി ഇടകലര്‍ത്താമെന്ന് കിയരോസ്താമിയുടെ സിനിമകള്‍ കാണിച്ചു തരുന്നു. ഇസ്ലാമിക വിപ്ലവാനന്തര ഇറാനിലാണ് കിയരോസ്താമിയുടെ സിനിമകള്‍ ഉണ്ടായിട്ടുള്ളത്. കര്‍ശനമായ മതനിയമങ്ങള്‍ക്കുള്ളില്‍ നിന്നാണ് കിയരോസ്താമിയുടെ സിനിമകള്‍ ജനിച്ചത്. സെന്‍സര്‍ഷിപ്പ് പൂര്‍ണമായും എടുത്തു കളയുന്ന അവസ്ഥയാണ് വരേണ്ടത്. അതേസമയം നല്ല സിനിമകള്‍ ഉണ്ടാകാതിരിക്കാന്‍ സെന്‍സര്‍ഷിപ്പ് കാരണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡിജിറ്റല്‍ രംഗത്തെ വളര്‍ച്ച ഹ്രസ്വസിനിമകളെയും ഡോക്കുമെന്ററികളെയും ഏറെ ജനകീയമാക്കിയിട്ടുണ്ട്. എന്നാല്‍ ദൃശ്യാനുഭവം നഷ്ടപ്പെടുന്ന പ്രവണത വരാനും ഇത് കാരണമായി. മൊബൈലിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിലും കാണേണ്ട ഒന്നല്ല സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമേയത്തിന്റെ പ്രാധാന്യവും ദൃശ്യഭാഷയുടെ സങ്കീര്‍ണതകളും മനസിലാക്കാന്‍ മികച്ച ശബ്ദസംവിധാനത്തോടെ തിയേറ്ററുകളില്‍ തന്നെ സിനിമ കാണണമെന്നും അദ്ദേഹംപറഞ്ഞു.

NO COMMENTS

LEAVE A REPLY