വിഷ്ണു വധക്കേസ് : 11 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

186

തിരുവനന്തപുരം: സിപിഐ(എം) പ്രവര്‍ത്തകന്‍ കൈതമുക്ക് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിമൂന്ന് പ്രതികളില്‍ ആദ്യ പതിനൊന്നു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ. 12-ാം പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച പതിമൂന്നാം പ്രതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. വിഷ്ണുവിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ പ്രതികള്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. കേസില്‍ പ്രതികളായ 13 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രതികളായ കൈതമുക്ക് സ്വദേശി സന്തോഷ്, മനോജ്, ബിജുകുമാര്‍, ഹരിലാല്‍, രഞ്ജിത്കുമാര്‍, ബാലുമഹേന്ദ്രന്‍, ബിബിന്‍, സതീഷ്,ബോസ്, വിനോദ്കുമാര്‍, സുഭാഷ്,സതീഷ്, ശിവലാല്‍ എന്നിവര്‍ക്കാണ് കേസില്‍ ശിക്ഷ വിധിച്ചത്. തലസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിധി പുറത്തുവന്നതോടെ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പതിനാറാം പ്രതി അരുണ്‍ കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. സിപിഐ(എം) വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയെന്നായിരുന്നു 16ാം പ്രതി അരുണ്‍കുമാറിനെതിരേയുള്ള കേസ്. ഇയാളെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാംപ്രതി രഞ്ജിത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14-ാം പ്രതിയായ ആസാം അനി ഒളിവിലാണ്.
2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിനുമുന്നില്‍വച്ച്‌ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തിയത്. പാസ്പോര്‍ട്ട് ഓഫീസിന് സമീപം വിഷ്ണുവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വി.വി അസോസിയേറ്റ്സിലേക്ക് വരുംവഴിയാണ് സംഭവമുണ്ടായത്. ആര്‍എസ്‌എസ് ,സിപിഐ(എം) രാഷ്ട്രീയവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന പി രഘുനാഥ്, വഞ്ചിയൂര്‍ എസ് ഐ സി. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വട്ടപ്പാറ വി.സാജന്‍ പ്രസാദ് ഹാജരായി. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിധി പ്രസ്താവം നടക്കുന്ന ഇന്ന് കോടതിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പൊലിസ് സജ്ജമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY