കേരളത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം : വി.എം. സുധീരന്‍

179

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം മാത്രമാണെന്നു കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിക്കുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഉറിയിലെ സൈനിക ആസ്ഥാനത്ത് ഭീകരാക്രമണമുണ്ടാകുമായിരുന്നില്ല. ബി.ജെ.പി. ഭരണത്തില്‍ രാജ്യസുരക്ഷ ഭദ്രമല്ല. രാജ്യസുരക്ഷ സംബന്ധിച്ച പ്രശ്നം പ്രധാനമന്ത്രി ചര്‍ച്ചചെയ്യേണ്ടത് പാര്‍ട്ടി വേദിയിലല്ല. എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ലമെന്‍റിലായിരിക്കണം ചര്‍ച്ച.രാജ്യത്തെ ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയ ധ്രുവീകരണത്തിനാണു ശ്രമിക്കുന്നത്. ബി.ജെ.പിക്കു വര്‍ഗീയമായി മുതലാക്കാനുള്ള സാഹചര്യമാണു സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും സൃഷ്ടിക്കുന്നത്. ഇതിനെതിരേ കെ.പി.സി.സി. പ്രചാരണപരിപാടി ആരംഭിക്കും.
അക്രമരാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കുമെതിരേ ഗാന്ധിജയന്തിദിനം മുതല്‍ ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 വരെ സേവ് നേഷന്‍ സേവ് ദ പീപ്പിള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണ പരിപാടി സംഘടിപ്പിക്കും.

NO COMMENTS

LEAVE A REPLY