കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ പോലീസ് മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം : വി.എം.സുധീരന്‍

217

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുകയും അതിന് സര്‍ക്കാര്‍ അവരെ അനുവദിക്കുകയും ചെയ്യണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. അണികളോട് ആയുധം താഴവയ്ക്കാന്‍ സി.പി.എം ബി.ജെ.പി നേതൃത്വം കര്‍ശനമായി ആവശ്യപ്പെടണം.ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും പൂര്‍ണ്ണമായി തടഞ്ഞേമതിയാകു. ഫലപ്രദവും വ്യാപകവുമായ തെരച്ചില്‍ കുറ്റമറ്റരീതിയില്‍ നടത്തി അവ കണ്ടെത്തി നശിപ്പിക്കേണ്ടതും ആവശ്യമാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അണികളെ തള്ളിപ്പറയാന്‍ അതാത് രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്നും സുധീരന്‍ പറഞ്ഞു. നിയമപരമായ നടപടിക്ക് പുറമേ അവര്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘടനകളില്‍ നിന്നും കുറ്റവാളികളെ പുറത്താക്കാന്‍ അതാത് രാഷ്ട്രീയ നേതൃത്വം മടിക്കരുത്.ക്രിമിനല്‍ കുറ്റവാളികള്‍ക്ക് രാഷ്ട്രീയ പരിരക്ഷ ഉണ്ടാകരുത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ ആരായാലും ഏത് തലത്തില്‍ പെട്ടവരായാലും അവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടത് ആവശ്യമാണ്.

അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ നിന്നോ അല്ലെങ്കില്‍ അവരുടെ പാര്‍ട്ടികളില്‍ നിന്നോ നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് നല്‍കുന്നതിന് ആവശ്യമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും സുധീരന്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. ബദല്‍ പ്രതികളെ ഹാജരാക്കുന്ന പതിവുരീതി ഒരു കാരണവശാലും അനുവദിക്കപ്പെടരുത്. ഇതോടൊപ്പം തന്നെ ക്വട്ടേഷന്‍ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം തടയുന്നതിനും കര്‍ശനമായ നടപടിയുണ്ടാകണം.പ്രോസിക്യൂഷന്‍ സംവിധാനം കാര്യക്ഷമമാക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പുവരുത്താനും വേണ്ടനടപടികള്‍ അനിവാര്യമാണ്. ബി.ജെ.പിയും സി.പി.എമ്മുകാരും പരസ്പരം നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY