വ്യാജപാസ്പോര്‍ട്ട് കേസുകളില്‍ ക്രൈംബാഞ്ച് അന്വേഷണം ഊര്‍ജ്ജിതം

251

കാസര്‍കോട്: കാസര്‍കോട്ടെ വ്യാജപാസ്പോര്‍ട്ട് കേസുകളില്‍ ക്രൈംബാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. വ്യാജ വിലാസത്തില്‍ പാസ്പോര്‍ട്ടുണ്ടാക്കിയവരെ തിരിച്ചറിയുന്നതിന് ഇവരുടെ ഫോട്ടോ ക്രൈംബ്രാഞ്ച് പുറത്ത് വിട്ടു.
കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മാത്രം 250 ഓളം വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനേഴ് പേരെ കാണാതാവുകയും ഇവരുടെ ഐ.എസ് ബന്ധം സ്ഥിരീരിക്കരിക്കപെടുകയും ചെയ്തതോടെയാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്ന വ്യാജ പാസ്പോര്‍ട്ട് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കിയത്.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ചിലര്‍ നാടുവിട്ടതെന്ന് അന്വേഷണ സംഘം ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. പാസ്പോര്‍ട്ടിന് ഹാജരാക്കുന്ന മുഴുവൻ രേഖകളും വ്യാജമാണെന്നതിനാല്‍ വ്യാജ പാസ്പോര്‍ട്ടാണെന്ന് ബോധ്യപെട്ടാലും രേഖകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം വഴിമുട്ടുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഫോട്ടോ നോക്കി വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുള്ളത്. ഇതിന് പൊതുജനങ്ങളുടെ സഹായവും ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് 24 പേരുടെ ഫോട്ടോകള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. ഇതില്‍ അഞ്ചുപേരെ ഇതിനകം തന്നെ തിരിച്ചറിയുകയും അന്വേഷണത്തില്‍ ഇവര്‍ വിദേശരാജ്യങ്ങളിലാണെന്ന വ്യക്തമാനുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരേയും വൈകാതെ തന്നെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍.

NO COMMENTS

LEAVE A REPLY