ലക്ഷ്മി നായരുടെ കോളജിലെ പെരുമാറ്റം ഹിറ്റ്ലറുടേതു പോലെന്ന് ദേശീയ വനിതാ കമ്മീഷന്‍

201

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തതിനുശേഷമാണ് കമ്മിഷന്‍ അംഗം സുഷമ സാഹുവിന്റെ പ്രതികരണം. ലക്ഷ്മി നായര്‍ കോളജില്‍ ഹിറ്റ്ലറെപ്പോലെയാണു പെരുമാറിയത്. ആണ്‍കുട്ടികളുമായി സംസാരിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്കാദമി ജയിലുപോലെയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. രേഖാമൂലം പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മിഷണരെ നേരിട്ട് പോയി ആവശ്യപ്പെടുമെന്നും സുഷമ സാഹു അറിയിച്ചു. ലോ അക്കാദമിയിലെ പ്രതിഷേധം 29 ദിവസം നീണ്ടശേഷമാണ് വിദ്യാര്‍ത്ഥികളും മാനേജ്മെന്റും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയത്. നിരാഹാര സമരങ്ങളും രാഷ്ട്രീയ പോര്‍വിളിളും എല്ലാം സമരത്തിന്റെ ഭാഗമായി അരങ്ങേറി. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി, പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് മാനെജ്മെന്റ് അംഗീകരം നല്‍കിയതിനു പിന്നാലെയാണ് സമരം അവസാനിച്ചത്.

NO COMMENTS

LEAVE A REPLY