ജയലളിതയെ സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ ആശുപത്രിയിലെത്തി

268

ചെന്നൈ• ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവും ഡിഎംകെ ട്രഷററുമായ എം.കെ.സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയിലെത്തി. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, ധനമന്ത്രി ഒ.പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി വിജയ ഭാസ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഡിഎംകെ നേതാക്കളായ ദുരൈമുരുകന്‍, കെ.പൊന്‍മുടി എന്നിവര്‍ക്കൊപ്പമാണ് സ്റ്റാലിന്‍ ആശുപത്രിയിലെത്തിയത്. ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ നിര്‍ദേശപ്രകാരമാണ് തന്റെ സന്ദര്‍ശനമെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട സ്റ്റാലിന്‍ അറിയിച്ചു. ജയലളിത സുഖം പ്രാപിക്കട്ടെയെന്നും എത്രയും വേഗം ഭരണത്തിലേക്ക് മടങ്ങിയെത്തട്ടെയെന്നും ആശംസിച്ച്‌ ഡിഎംകെ നേതാവ് കരുണാനിധി നേരത്തെതന്നെ പ്രസ്താവനയിറക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ ഒ.പനീര്‍ശെല്‍വം, വിജയ ഭാസ്കര്‍ എന്നിവരുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എത്രയും വേഗം അവര്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു – സ്റ്റാലിന്‍ പറഞ്ഞു.എംഡിഎംകെ നേതാവ് വൈകോ, ബിജെപി സംസ്ഥാന പ്രസിഡന്റ് തമിലിസായ് സൗന്ദരരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി ജി.രാമകൃഷ്ണന്‍ എന്നിവരും ജയലളിതയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച്‌ അറിയാന്‍ ശനിയാഴ്ച ആശുപത്രിയിലെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജയലളിതയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
അതേസമയം, തീവ്ര പരിചരണ വിഭാഗത്തിലെ വിദഗ്ധര്‍ ജയലളിതയ്ക്ക് മികച്ച ചികിത്സ നല്‍കി വരികയാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ജയലളിതയ്ക്ക് കൃത്രിമ ശ്വാസം നല്‍കുന്നത് തുടരുകയാണ്. ശ്വാസകോശത്തിലെ തടസം നീക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു കൂടുതല്‍ കാലം ചികില്‍സ വേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ചികില്‍സ രണ്ടാഴ്ച പിന്നിടുമ്ബോഴും ജയലളിതയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ 22നു രാത്രിയാണു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണെന്നായിരുന്നു ആശുപത്രിയില്‍ നിന്നുള്ള ആദ്യ വിശദീകരണം.

NO COMMENTS

LEAVE A REPLY