രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്പിക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

141

ആലപ്പുഴ : രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദി വന്ന് മത്സരിച്ചാലും വയനാട്ടില്‍ രാഹുല്‍ വിജയിക്കും. എല്‍.ഡി.എഫിന്റെ പരാജയം മുന്നില്‍ കണ്ട് പരിഭ്രാന്തി പിടിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം നേടാന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കും. സംസ്ഥാനത്ത് 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും – ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു.

മതേതര ശക്തികളുടെ കൂട്ടായ്മയെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ എതിര്‍ത്തവരാണ് മുഖ്യമന്ത്രിയും കേരളത്തിലെ സി.പി.എം നേതാക്കളും. വിശ്വസിക്കാന്‍ കൊള്ളാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം . യു.പി.എ സര്‍ക്കാരിനെ തകര്‍ത്തത് ഇവരാണ്. ദേശീയ തലത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളികള്‍. കോ-ലീ-ബി സഖ്യമെന്നുള്ള സി.പി.എമ്മിന്റെ നുണപ്രചാരണം ജനം പുച്ഛിച്ച്‌ തള്ളും.

ആദ്യമായിട്ടാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്ന് മത്സരിക്കുന്നതെന്നതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയം സംസ്ഥാനത്തെ ഉറ്റു നോക്കും. കേരളത്തില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കഴിയുന്ന ശക്തിയല്ല ബി.ജെ.പിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി.

NO COMMENTS