സാംസങ് ഗാലക്സി നോട്ട് 7 പെട്ടെന്ന് സ്വിച്ച്‌ ഓഫ് ചെയ്യുക : സാംസങ് കമ്പനിയുടെ അഭ്യര്‍ഥന

206

സോള്‍• സാംസങ്ങിന്‍റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവര്‍ അവ എത്രയും പെട്ടെന്ന് സ്വിച്ച്‌ ഓഫ് ചെയ്യുവാനും ഈ ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സാംസങ് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്ബനി ഇതേക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണുകള്‍ എത്രയും പെട്ടെന്ന് സ്വിച്ച്‌ ഓഫ് ചെയ്യുവാനും ഉപയോഗിക്കുന്നത് നിര്‍ത്താനും കമ്ബനി തന്നെ ഉപഭോക്താക്കളോട് നേരിട്ട് ആവശ്യപ്പെട്ടത്.സാംസങ്ങ്, ഗാലക്സി നോട്ട് 7ന്റെ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇടക്കാലത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തളര്‍ച്ച നേരിട്ട സാംസങ്, വീണ്ടും മുഖ്യധാരയില്‍ ചുവടുറപ്പിച്ചു വരുമ്പോഴാണ് ഗാലക്സി നോട്ട് 7ന്റെ രൂപത്തില്‍ വീണ്ടും തിരിച്ചടി നേരിടുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വില്‍പനകളും കമ്പനി ഇതിനാല്‍ നിര്‍ത്തിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറില്‍ 25 ലക്ഷത്തോളം ഗാലക്സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം പ്രശ്നങ്ങളില്ലാത്തതെന്ന പേരില്‍ ഫോണുകള്‍ നല്‍കുകയും ചെയ്തു.എന്നാല്‍, പകരം നല്‍കിയ ഫോണുകളും ഇതേ അപകടം സൃഷ്ടിക്കുന്നത് വ്യാപകമായതോടെയാണ് ഇതിന്റെ ഉപയോഗം അവസാനിപ്പിക്കാന്‍ കമ്ബനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗാലക്സി നോട്ട് 7 ഫോണില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ച സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൂയിസ് വില്ലെയില്‍ നിന്നും ബാള്‍ട്ടിമോറിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 994ല്‍നിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.
ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്ബനി വ്യക്തമാക്കി. ഗാലക്സി നോട്ട് 7 പലയിടങ്ങളിലും പൊട്ടിത്തെറിക്കുന്നതായി വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും അതുവരെ ഈ ഫോണിന്റെ എല്ലവിധത്തിലുള്ള വില്‍പനയും കൈമാറ്റവും ഉപയോഗവും നിര്‍ത്തിവയ്ക്കാനും കമ്ബനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാലക്സി നോട്ട് 7ന്റെ ആദ്യ പതിപ്പും പകരമിറക്കിയ പതിപ്പും കൈവശമുള്ളവര്‍ അത് എത്രയും വേഗം സ്വിച്ച്‌ ഓഫ് ചെയ്യുവാനും അതിനുപകരം കമ്ബനി നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം കൈപ്പറ്റാനുമാണ് നിര്‍ദ്ദേശം.

NO COMMENTS

LEAVE A REPLY