രാഖി വധക്കേസില്‍ മൂന്ന്‌ പ്രതികളും കുറ്റക്കാരെന്ന്‌ കോടതി

17

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ മൂന്ന്‌ പ്രതികളും കുറ്റക്കാരെന്ന്‌ കോടതി. നെയ്യാറ്റിൻകര തിരുപുറം സ്വദേശിനി രാഖിമോളെ കഴുത്ത്‌ ഞെരിച്ച്‌ കൊന്ന്‌ കുഴിച്ചിട്ട കേസില്‍ അമ്ബൂരി തട്ടാൻമുക്ക് അശ്വതി ഭവനില്‍ അഖില്‍ ആര്‍ നായര്‍ (24), സഹോദരൻ രാഹുല്‍ ആര്‍ നായര്‍ (27), സുഹൃത്ത് ആദര്‍ശ് ഭവനില്‍ ആദര്‍ശ് നായര്‍ (23) എന്നിവരെ യാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻ ജഡ്ജി കെ വിഷ്ണു കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌

കൊലപാതകം, തെളിവ്‌ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കും.വെള്ളിയാഴ്‌ച ശിക്ഷ വിധിക്കും. സൈന്യത്തില്‍ ഡ്രൈവറായിരുന്ന അഖില്‍ കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രാഖിയെ മിസ്‌ഡ്‌കോള്‍ വഴിയാണ്‌ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ പ്രണയത്തിലാവുകയും വിവാഹവാഗ്‌ദാനം നല്‍കുകയും ചെയ്‌തിരുന്നു. അതിനിടെ അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി വിവാഹം നിശ്ചയിച്ച അഖില്‍ ഇതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്‌ബുക്കിലിട്ടു.

ഇതറിഞ്ഞ രാഖി വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണം. പ്രോസിക്യൂഷൻ 94 സാക്ഷികളെ വിസ്തരിച്ചു. 92 തൊണ്ടിമുതലും 178 രേഖകളും ഹാജരാക്കി.ആദര്‍ശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച്‌ 15 രേഖകളും പ്രതിഭാഗം ഹാജരാക്കി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീൻ എന്നിവര്‍ ഹാജരായി.

NO COMMENTS

LEAVE A REPLY