പെട്രോള്‍ പമ്പുകളില്‍ അര്‍ദ്ധരാത്രി മിന്നല്‍ പരിശോധന; കൃത്രിമം കണ്ടെത്തിയ യൂണിറ്റുകള്‍ പൂട്ടി

319

എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അര്‍ധരാത്രി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ പരിശോധനക്ക് ശേഷം പൂട്ടി. പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. അര്‍ധരാത്രിക്ക് ശേഷം പെട്രോള്‍ പമ്പുകളിലെ മീറ്ററുകളില്‍ കൃത്രിമം കാട്ടി വെട്ടിപ്പ് നടത്തുന്നുവെന്ന് നിരവധി പരാതികള്‍ ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിരുന്നു. പെട്രോളിന്റെ വില സൂചിപ്പിക്കുന്ന മീറ്ററുകളിലും അളവിലും കൃത്രിമം നടത്തിയായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാം മോഹന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകല്‍ രൂപീകരിച്ച് അര്‍ധരാത്രിക്ക് ശേഷം റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, ആലുവ, കാലടി എന്നിവടങ്ങളിലെ പമ്പുകളില്‍ സംഘമെത്തി. ഇവയില്‍ മരട് ,കാലടി എന്നിവിടങ്ങളിലെ രണ്ട് പമ്പുകളില്‍ അളവില്‍ വ്യത്യാസം കണ്ടെത്തി.
അഞ്ച് ലിറ്ററില്‍ പരമാവധി 25 മില്ലീലിറ്റര്‍ വരെ കുറവ് അനുവദനീയമാണ്. എന്നാല്‍ ഈ പമ്പുകളില് 40 മുതല്‍ 100 മില്ലീലിറ്റര്‍ വരെ കുറവ് കണ്ടെത്തി. തുടര്‍ന്ന് ഈ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ പൂട്ടി. പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പൂട്ടിയ യൂണിറ്റുകള്‍ പമ്പുടമകള്‍ ശരിയായ വിധം പ്രവര്‍ത്തിച്ച് കാണിച്ചാല്‍ മാത്രമേ ഇനി ഇവ പമ്പുകളില്‍ ഉപയോഗിക്കാനാവൂ. പരാതികള്‍ തുടരുന്ന സാഹചര്യത്തില‍്‍ പരിശോധനയും വ്യാപകമാക്കാനൊരുങ്ങുകയാണ് ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍.

NO COMMENTS

LEAVE A REPLY