സൗദിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെ നോര്‍ക്ക അംഗത്വ കാര്‍ഡിനായുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു

227

റിയാദ്: സൗദിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെ നോര്‍ക്ക അംഗത്വ കാര്‍ഡിനായുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു. നാട്ടില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ ഇരുപത് ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും എന്നതാണ് അംഗത്വത്തിന്‍റെ പ്രത്യേകത.
തൊഴില്‍ പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് പല തൊഴിലാളികളും സുരക്ഷിത മാര്‍ഗം തേടാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നോര്‍ക്ക അംഗത്വ കാര്‍ഡിനായുള്ള അപേക്ഷകരുടെ എണ്ണം കൂടിയിരിക്കുകയാണ്. കൂടുതല്‍ വൈകാതെ എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന കണക്കുകൂട്ടലാണ് ഇതിനു കാരണം.
കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രത്യേക ആനുകൂല്യങ്ങളോടെയുള്ള ലോണുമൊക്കെയാണ് നോര്‍ക്കാ കാര്‍ഡിന്‍റെ ആകര്‍ഷണം. കാര്‍ഡ് ഉടമകള്‍ മരണപ്പെട്ടാല്‍ മൂന്ന് ലക്ഷം രൂപ നോര്‍ക്ക നല്‍കും.
ജിദ്ദയില്‍ ഒ.ഐ.സി.സി നടത്തിവരുന്ന ഹെല്‍പ് ഡെസ്ക് വഴി മാത്രം ഇതിനകം ആയിരക്കണക്കിന് അപേക്ഷകള്‍ നാട്ടിലേക്കയച്ചു. രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും മുന്നൂറ് രൂപയുമുള്‍പ്പടെയുള്ള അപേക്ഷാഫോറം നാട്ടിലേക്കയച്ചാല്‍ രണ്ടു മാസത്തിനകം കാര്‍ഡ് സൗദിയില്‍ എത്തിക്കും. നാട്ടില്‍ ചെറുകിട സംരംഭങ്ങള്‍ എന്തെങ്കിലും തുടങ്ങാന്‍ നോര്‍ക്ക മെമ്പര്‍ഷിപ് കാര്‍ഡ് പ്രയോജനപ്പെടുമെന്നാണ്‌ തൊഴിലാളികളുടെ പ്രതീക്ഷ.

NO COMMENTS

LEAVE A REPLY