പദ്മ പുരസ്കാരങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കാം

172

ന്യൂഡല്‍ഹി: പദ്മ പുരസ്കാരനിര്‍ണയം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നല്‍കുന്ന പദ്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ നല്‍കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് പുതിയ പരിഷ്കാരം. ആദ്യമായാണ് ജനങ്ങളെ പങ്കെടുപ്പിച്ച്‌ പദ്മ പുരസ്കാരങ്ങള്‍ നിശ്ചയിക്കുന്നത്. ഓണ്‍ലൈന്‍ മുഖേന മാത്രമേ ഇനി മുതല്‍ പദ്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ നല്‍കാനാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.പദ്മ പുരസ്കാരങ്ങള്‍ നിശ്ചയിക്കുന്നതില്‍ അപാകം ചൂണ്ടിക്കാട്ടി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. അതു പ്രകാരം വ്യക്തികള്‍ക്കും സര്‍ക്കാര്‍ പോലെയുള്ള അധികാര സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശകള്‍ നല്‍കാം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അവാര്‍ഡുകള്‍ എന്ന വിഭാഗത്തിലൂടെയാണ് ശുപാര്‍ശ നല്‍കേണ്ടത്. ഇതില്‍ പൗരന്‍മാര്‍, അതോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. ജനങ്ങള്‍ ശുപാര്‍ശ നല്‍കേണ്ടത് വ്യക്തികള്‍ എന്ന ഉപവിഭാഗത്തിലാണ്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരാണെന്ന് കരുതപ്പെടുന്ന വ്യക്തികളെ മാത്രമല്ല, സ്വന്തം പേര് ശുപാര്‍ശ ചെയ്യാനും സാധിക്കും. സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ അറിയപ്പെടുന്നവര്‍ക്കുമാത്രം പുരസ്കാരങ്ങള്‍ ലഭിക്കുന്ന പതിവുരീതികള്‍ മാറ്റി, അറിയപ്പെടാത്തവരും എന്നാല്‍ അപൂര്‍വപ്രതിഭകളുമായവരെ കണ്ടെത്താന്‍ ഈ രീതി സഹായിക്കുമെന്നാണ് പ്രതീക്ഷ. ശുപാര്‍ശ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ നമ്ബറടക്കമുള്ള തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളും നല്‍കണം. ശുപാര്‍ശ നല്‍കേണ്ട അവസാന തീയതി ഈ മാസം 15 ആണ്.

NO COMMENTS

LEAVE A REPLY