മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായവരെ കേരള പൊലീസ് കൊച്ചിയിലെത്തിച്ചു. മതപ്രഭാഷകന്‍ സാക്കിര്‍ നായികുമായി ബന്ധമുള്ള അര്‍ഷദ് ഖുറൈഷി, റിസ്‍വാന്‍ ഖാന്‍ എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊണ്ടുവന്നത്. ഇവരെ കളമശ്ശേരി എ.ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തുവരികയാണ്.
സാക്കിര്‍ നായികിന്റെ കീഴിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരാണ് ഇരുവരും. 21 മലയാളികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവരില്‍ ചിലര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടതായുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ഖുറേഷിയുടെയും റിസ്‍വാന്‍ ഖാന്‍റെയും കേരള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്. ഖുറേഷി മുമ്പ് കൊച്ചിയിലെ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ വന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഇവിടെ പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല.