സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് കാട്ജു

188

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഹാജാരാകുമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. നവംബര്‍ 11ന് താന്‍ ഹാജരാകാമെന്നാണ് കാട്ജു അറിയിച്ചത്. വിരമിച്ച ജഡ്ജിമാര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ വിലക്കുള്ളതിനാല്‍ കോടതിയില്‍ എത്തില്ലെന്നാണ് നേരത്തേ അദ്ദേഹം അറിയിച്ചിരുന്നത്. സുപ്രീംകോടതി നോട്ടീസ് അയച്ചസാഹചര്യത്തിലാണ് താന്‍ കോടതിയില്‍ പോകുന്നതെന്നും വിരമിച്ച ജഡ്ജിമാര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിനുള്ള ഭരണഘടനാ വിലക്ക് സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും കാട്ജു വ്യക്തമാക്കി.

നവംബര്‍ 11ന് രണ്ട് മണിക്കാണ് ജസ്റ്റിസ് കാട്ജു കോടതിയില്‍ ഹാജരാകുക. ഭരണ ഘടനയുടെ 124(7) അനുഛേദപ്രകാരം വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുതിന് വിലക്കുണ്ട്. വിലക്ക് തനിക്ക് ബാധകമല്ല എന്ന് കോടതി പറയുകയാണെങ്കില്‍ സൗമ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുമെന്ന് ജസ്റ്റീസ് കാട്ജു പറഞ്ഞു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കാട്ജു വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി അസാധാരണ നടപടിക്രമങ്ങളിലേക്ക് കടന്ന് കട്ജുവില്‍ നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. നവംബര്‍ 11ന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതി അയച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

NO COMMENTS

LEAVE A REPLY