പ്രതിഷ്ഠാപനങ്ങളിലൂടെ അത്ഭുതം സൃഷ്ടിക്കാനാകും: വിഖ്യാത വാസ്തുശില്പി ബി.വി ദോഷി

240

കൊച്ചി: മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതല്ല എന്ന പ്രത്യേകതയാണ് പ്രതിഷ്ഠാപനങ്ങളെ വേറിട്ടതാക്കുന്നതെന്ന് വിഖ്യാത ആര്‍ക്കിടെക്റ്റ് ബി.വി ദോഷി പറഞ്ഞു. അതിനാല്‍ തന്നെ പ്രതിഷ്ഠാപനങ്ങള്‍ക്ക് അത്ഭുതം സൃഷ്ടിക്കാനാകും. കൊച്ചി മുസിരിസ് ബിനാലെയില്‍ കാണാന്‍ കഴിയുന്നതും ഈ അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ സംഘടിപ്പിച്ച ലെറ്റ്‌സ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു നൂറ്റാണ്ടുകളായി ലോകത്തിലെ നിരവധി നിര്‍മ്മിതികളെ സ്വാധീനിച്ച ആര്‍ക്കിടെക്റ്റായ ദോഷിയില്‍നിന്ന് ബിനാലെ കാഴ്ചകളിലെ അത്ഭുതം മായുന്നില്ല. അപ്പപ്പോള്‍ മനസില്‍ തോന്നുന്ന കാര്യങ്ങളാണ് പ്രതിഷ്ഠാപനങ്ങളായി മാറുന്നത്. ഒരു തരത്തിലുള്ള മുന്‍വിധികളും അതിനെ സ്വാധീനിക്കുന്നില്ല. അതിനാല്‍തന്നെ പ്രതിഷ്ഠാപനങ്ങളില്‍ ജോലി ചെയ്യാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലാസൃഷ്ടിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്വയം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബിനാലെ പ്രതിഷ്ഠാപനങ്ങള്‍ക്ക് പടര്‍ന്നുപിടിക്കുന്ന സ്വഭാവമുണ്ട്. അത് നഗരത്തിന്റെ സ്വഭാവത്തിലേക്ക് വ്യാപിക്കുന്നു. വിദ്യാഭ്യാസ ചിന്തകളെ തന്നെ മാറ്റിയെടുക്കാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, എച്ച്‌സിഎല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ലെറ്റ്‌സ് ടോക്ക് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത വാസ്തുശില്പി ആബിദ് റഹീമാണ് ചര്‍ച്ച മോഡറേറ്റ് ചെയ്തത്. കലയില്‍ മാത്രമല്ല, ജീവിതത്തിലും പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതാണ് ബിനാലെയെന്ന് ദോഷി പറഞ്ഞു. ഇവിടെ വരുമ്പോഴാണ് ജീവിതത്തിലെതന്നെ പല കാര്യത്തിന്റെയും വ്യത്യസ്ത വീക്ഷണം കിട്ടുന്നത്. ഈ പ്രദേശത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാനായി ഇത്തരം കലാവിരുന്ന് സംഘടിപ്പിച്ചത് നവോത്ഥാന മനോഭാവത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദിലെ തന്റെ വിഖ്യാതമായ സംഗത് എന്ന സ്റ്റുഡിയോ നിര്‍മ്മാണത്തെപ്പറ്റിയും അദ്ദേഹം സംസാസിരിച്ചു. സങ്കീര്‍ണമായ അകത്തളം, താഴ്ന്ന നിര്‍മ്മിതികള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന മൂലകള്‍, അറ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. പ്രകൃതിയുമായി ഏറെ അടുത്തുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. അംദാവാദ് നി ഗുഫ എന്ന പേരില്‍ അദ്ദേഹം ഉണ്ടാക്കിയ ഭൂഗര്‍ഭ അറ മ്യൂസിയം എം.എഫ് ഹുസൈനുമായി ചേര്‍ന്നാണ് നിര്‍മിച്ചത്. നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ആ ദൗത്യം. പ്രകൃതിയെ നിരീക്ഷിച്ച് പരമാവധി ആസ്വാദനം നടത്തുകയെന്നതാണ് ദോഷി നല്‍കുന്ന ഉപദേശം. വെല്ലുവിളികള്‍ ഏറ്റെടുത്താല്‍മാത്രമെ ആഗ്രഹങ്ങള്‍ മികച്ചു നില്‍ക്കുകയുള്ളു. തൊണ്ണൂറുകളുടെ മധ്യത്തില്‍ നിര്‍മിച്ച ഈ ഗാലറി വാസ്തുവിദ്യയുടെയും കലയുടെയും സംഗമം ആയി ഏറെക്കാലം അറിയപ്പെട്ടിരുന്നു. ആധുനികതയെ പഴമയുമായി ഇണക്കിച്ചേര്‍ത്തു നിറുത്തുന്നവയാണ് അദ്ദേഹത്തിന്റെ നിര്‍മ്മിതികള്‍. വിവിധ ശൈലികള്‍ റസിഡന്‍സി പരിപാടികള്‍, പൊതു ഇടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ദോഷിയുടെ പ്രവര്‍ത്തനം. സുസ്ഥിര നിര്‍മ്മിതിയിലെ കേന്ദ്രവ്യക്തിത്വമായി അദ്ദേഹം മാറാന്‍ കാരണവും ഈ വൈവിദ്ധ്യം തന്നെ.

NO COMMENTS

LEAVE A REPLY