കേരള പൊലീസിന്റെ സാമൂഹ്യപ്രതിബദ്ധത മാതൃകാപരം ; മുഖ്യമന്ത്രി

7

കേരള പൊലീസ് സേനയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമാണെന്നും പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും ഘട്ടത്തിൽ കേരളം ഇത് അനുഭവിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊലീസിന്റെ കേരള പിറവി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ അദ്ദേഹം സമ്മാനിച്ചു.

പ്രതിസന്ധിഘട്ടങ്ങളിൽ നാടിനാകെ തുണയാകുന്ന, സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ഒരു സേനയായി അനുഭവത്തിലൂടെ കേരള പൊലീസിനെ ജനങ്ങൾ കാണുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ നേർവഴിക്കു നയിക്കൽ, വിശക്കുന്നവർക്കു ഭക്ഷണം നൽകൽ, അഗതികൾക്ക് ആശ്രയം നൽകൽ തുടങ്ങിയവയല്ലാം പൊലീസിനു ചെയ്യാനാകുമെന്നു വിവിധ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്നു. സാമൂഹ്യപ്രതിബന്ധതയോടെയുള്ള ഇടപെടലുകളാണ് ഇവയെല്ലാം. ഇത് ഇനിയും തുടരണം.

കഴിഞ്ഞ ഏഴര വർഷത്തിനിടെ പൊലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച കൺവിക്ഷൻ റേറ്റ് നേടാൻ കഴിഞ്ഞ സേനയാണു കേരള പൊലീസ്. കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതും കേരള പൊലീസാണ്. ഇന്റർനെറ്റും ഫൈബർ കണക്റ്റിവിറ്റിയുമില്ലാത്ത ഒരു പൊലീസ് സ്റ്റേഷനും കേരളത്തിൽ ഇന്ന് ഇല്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരള പൊലീസിനുണ്ട്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ രംഗത്തു കേരള പൊലീസ് ആർജിച്ച മികവും എടുത്തുപറയത്ത ക്കതാണ്. ആധുനികലോകത്തിന് അനുയോജ്യമായ വിധത്തിൽ നൂതന സാങ്കേതികവിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കേരള പൊലീസിനു കഴിയുന്നുവെന്നത് അഭിമാനകരമാണ്.

പൊലീസ് സേനയിൽ ആവശ്യത്തിനു മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണു സർക്കാരിനുള്ളത്. ഒട്ടേറെ പുതിയ നിയമനങ്ങൾ ഇക്കാലയളവിൽ സേനയിൽ നടത്തി. പുതിയൊരു ബാച്ചിന്റെ പരിശീലനത്തിന് നവംബർ ഒന്നിനു തുടക്കമായി. കഴിഞ്ഞ ദിവസമാണ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് 200 പേർക്കുള്ള നിയമന ഉത്തരവു പുറപ്പെടുവിച്ചത്. ഇപ്പോൾ 4552 വനിതാ പൊലീസ് ഉദ്യോഗസ്ഥരാണു വിവിധ റാങ്കുകളിലായി കേരള പൊലീസിലുള്ളത്. വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്നതാണു സർക്കാരിന്റെ പ്രഖ്യാപിത നയം.

നാടിനെ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിവർത്തനം ചെയ്യുന്ന ഘട്ടമാണിത്. രാജ്യത്തിനും ലോകത്തിനും മാതൃകയായ പലതും കേരളത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനമാണു രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം പലവട്ടം തെരഞ്ഞെടുക്കപ്പെട്ടത്. വർഗീയ സംഘർഷങ്ങളില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമായും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമായുമാണു കേരളത്തെ മറ്റുള്ളവർ വിലയിരുത്തുന്നത്. ഇത്തരമൊരു അവസ്ഥ നേടിയെടുക്കുന്നതിൽ കേരള പൊലീസ് വഹിച്ച പങ്കു വലുതാണ്. കേരളത്തിൽ നിലനിൽക്കുന്ന മതനിരപേക്ഷ ജനാധിപത്യ ബോധമാണു ലോകം ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടാണ് ഇവിടെ വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയ പ്രചാരണങ്ങൾക്കും സ്ഥാനമില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ അദ്ദേഹം സമ്മാനിച്ചു. കേരളപ്പിറവിയുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസ് ഒരുക്കിയ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, എഡിജിപിമാരായ മനോജ് ഏബ്രഹാം, എം.ആർ. അജിത് കുമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY