വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉതകുന്ന വായനയാണ് ആവശ്യം ; മുഖ്യമന്ത്രി

7

വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉപകരിക്കുന്ന ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും അവയുടെ വായനയുമാണു കാലഘട്ടത്തിന്റെ ആവശ്യമന്നും അവ പ്രചരിപ്പിക്കുന്നതു സംസ്‌കാര സമ്പന്നതയുടെ ലക്ഷണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്പന്നതയുടെ ദൃഷ്ടാന്തമായി നിയമസഭാ പുസ്തകോത്സവം മാറണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഷാർജ പുസ്തകോത്സവവും ജയ്പുർ പുസ്തകോത്സവവുമൊക്കെ വലിയ തോതിൽ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. ആ നിലയിലേക്കു നിയമസഭാ പുസ്തകോത്സവവും ഓരോ വർഷം കഴിയുന്തോഴും കരുത്തു നേടുമെന്നു പ്രതീക്ഷിക്കാം.

മതനിരപേക്ഷമായ ഉത്സവമാണ് പുസ്തകോത്സവം. നവോത്ഥാനകാലത്താണു പുസ്തകങ്ങളോടും വായനയോടും മലയാളിക്ക് അതുവരെ യില്ലാത്തവിധം താത്പര്യം തോന്നിത്തുടങ്ങിയത്. അക്കാലത്ത് ഇവിടെ പള്ളിക്കൂടങ്ങൾ കുറവായിരുന്നു. വായനശാലകൾ ബദൽ പള്ളിക്കൂടങ്ങളായി മാറി. ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്ത വലിയൊരു വിഭാഗം ആളുകളുണ്ടായിരുന്നു. അവർക്കു പുസ്തകങ്ങളിലൂടെയാണു സ്വയം വിദ്യാഭ്യാസം നേടുന്നതിന് അവസരമുണ്ടായത്. വിദ്യകൊണ്ടു പ്രബുദ്ധരാകണമെന്നും ക്ഷേത്രങ്ങളിൽ പ്പോലും വായനശാലകൾ സ്ഥാപിക്കണമെന്നും ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ഓർക്കണം.

ചെറിയ വൃത്തത്തിൽ കഴിഞ്ഞിരുന്ന മനുഷ്യർക്കു പുതിയ ലോകം തുറന്നുകിട്ടുകയാണു പുസ്തകങ്ങളിലൂടെയുണ്ടായത്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച നാടിനെ, വികസിതരാജ്യങ്ങളോടു കിടപിടിക്കുംവിധം വളർത്തിക്കൊണ്ടുവരുന്നതിൽ വായനയ്ക്കു പ്രധാന പങ്കുണ്ട്. മനുഷ്യ ചരിത്രത്തിൽ അച്ചടിക്കും അച്ചടിച്ച പുസ്തകങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഇക്കാലത്ത് പുസ്തകങ്ങൾക്കു പ്രസക്തിയുണ്ടോയെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അക്ഷരങ്ങളേക്കാൾ ദൃശ്യങ്ങളാണ് ആളുകളെ സ്വാധീനിക്കുന്നതെന്നു വസ്തുതയാണ്. ദൃശ്യങ്ങൾ നമ്മെ അതിനോടൊപ്പം ഒഴുക്കിക്കൊണ്ടുപോകും. അവിടെ ചിന്തിക്കാൻ ഇടമില്ല. പുസ്തകങ്ങൾ നമ്മുടെ ചിന്തയെ ഉണർത്തുന്നു.

യുക്തിചിന്തയും വിമർശനാവബോധവും വളർത്തുന്നതിൽ പുസ്തകവായനയ്ക്കു വലിയ പങ്കാണുള്ളത്. സാമൂഹ്യ മാധ്യമങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയുമൊക്കെ ഇരുതല മൂർച്ചയുള്ള വാളുകളാണ്. നന്മയ്ക്കും തിന്മയ്ക്കും ഒരുപോലെ അവയെ ഉപയോഗിക്കാനാകും. ആര് എന്തു ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാകും കാര്യങ്ങൾ രൂപപ്പെടുക. ദൗർഭാഗ്യവശാൽ മനുഷ്യരെ തമ്മിലടിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ഇവയെ ദുരുപയോഗിക്കുന്നവരുണ്ട്. വ്യാജവാർത്തകളും വ്യാജ ചരിത്രവുമൊക്കെ സംഘടിതമായി പ്രചരിപ്പിച്ചു ജനങ്ങളെ ചേരിതിരിപ്പിക്കുന്ന, വികാരം ആളിക്കത്തിച്ചു നാടിനെ തകർക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാനും യഥാർഥ ചരിത്രമെന്തെന്നു മനസിലാക്കാനും പുസ്തകവായന അത്യാവശ്യമാണ്.

വായിക്കുന്നവരും ചിന്തിക്കുന്നവരും സ്വതന്ത്രമായി സംസാരിക്കുന്നവരുമെല്ലാം ജനാധിപത്യത്തിന്റെ ആരോഗ്യകരമായി നിലനിൽപ്പിന് അത്യാവശ്യമാണ്. ഏകാധിപതികൾക്കും ഫാസിസ്റ്റുകൾക്കും അവരെ ഭയമാണ്. കാരണം അവർ സംഘടിതവും വ്യാജവുമായ പ്രചാരണങ്ങളിൽ വീണുപോകില്ല. വ്യക്തിമാഹാത്മ്യങ്ങളിൽ ആകർഷിതരാകുന്നുമില്ല. അതുകൊണ്ടുതന്നെ അവരേയും അവർക്കു ശക്തിപകരുന്ന പുസ്തകങ്ങളേയും ഇല്ലായ്മചെയ്യാനാണ് അത്തരം ഭരണാധികാരികൾ എപ്പോഴും ശ്രമിക്കുന്നത്. ബെർലിൻ യൂണിവേഴ്സിറ്റി യിലെ 2,000 ലധികം ഗ്രന്ഥങ്ങൾ തെരുവിൽ കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞതു ഹിറ്റ്ലർ അധികാരത്തിൽവന്നപ്പോൾക്കണ്ട കാഴ്ചയാണ്. സത്യസന്ധമായ ഏതൊരു എഴുത്തും ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരായിരിക്കും. അവയിൽ സാഹോദ ര്യത്തിന്റെയും മാനവികതയുടേയും മൂല്യങ്ങൾ അടങ്ങിയിട്ടുണ്ടാകും. അത്തരം എഴുത്തിനേയും വായനയേയും ഭയപ്പെടുന്നവർ മാനവികതയ്ക്കുതന്നെ എതിരായി നിലകൊള്ളുന്നവരാണ്.

യുദ്ധങ്ങളും വർഗീയ, വംശീയ കലാപങ്ങളുംകൊണ്ടു കലുഷിതമായ ഇന്നത്തെ ലോകസാഹചര്യത്തിലും ഇന്ത്യൻ സാഹചര്യത്തിലും വായനയുടെ പ്രസക്തി വർധിക്കുകയാണ്. നല്ല പുസ്തകങ്ങൾ ധാരാളമായി ഇറങ്ങുന്നതു സന്തോഷകമരാണ്. അവയിലെ ആശയങ്ങൾ എല്ലാവരിലുമെത്തണം. ലോകത്തെ മാറ്റുന്നത് ആശയങ്ങളാണ്. ഏത് ആശയമാണോ നമ്മുടെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത് അത് അനുസരിച്ചാകും നമ്മുടെ സംസ്‌കാരവും ജീവിതവും മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണത്തെ നിയമസഭാ അവാർഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കു മുഖ്യമന്ത്രി സമ്മാനിച്ചു. എം.ടിക്കു വേണ്ടി സതീഷ് കുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. നിയമസഭാ പുരസ്‌കാരം എം.ടിയുടെ കൈകളിലെത്തു ന്നതിൽ ഔചിത്യഭംഗിയുണ്ടെന്നും മലയാളം സാഹിത്യ ലോകത്തിനു നൽകിയ അപൂർവ പ്രതിഭകളിൽ ഒരാളാണ് എംടിയെന്നും പുരസ്‌കാരം സമർപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവൺമെന്റ് ചീഫ് വിപ്പ് എൻ. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY