കൊച്ചി ബിനാലെ ‘ലെറ്റ്‌സ് ടോക്കി’ല്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ആനന്ദ്

231

കൊച്ചി: മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ആനന്ദുമായി സംവദിക്കാന്‍ കൊച്ചി ബിനാലെയുടെ ലെറ്റ്‌സ് ടോക്ക് സംഭാഷണ പരമ്പര വേദിയൊരുക്കുന്നു. ഒക്ടോബര്‍ 23 ഞായറാഴ്ച, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകീട്ട് അഞ്ചുമണിക്കാണ് പരിപാടി. ഘടനകളുടെ ഉയര്‍ച്ചയും താഴ്ചയും (റൈസ് ആന്‍ഡ് ഫാള്‍ ഓഫ് സ്ട്രക്‌ച്ചേഴ്‌സ്) എന്ന വിഷയത്തിലാണ് അദ്ദേഹം സംവദിക്കുന്നത്.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ലെറ്റ്‌സ് ടോക്ക് സംവാദ പരിപാടി സംഘടിപ്പിച്ചു വരുന്നത്.

ചരിത്രപരമായ പശ്ചാത്തലവും മാനവികതയും അടിസ്ഥാനമാക്കിയാണ് ആനന്ദിന്റെ രചനകള്‍ ഏറെയും. അധികാരം, നീതി, പൊതുജനം എന്നിങ്ങനെ വിവിധ ഘട്ടങ്ങിളിലൂടെയാണ് അദ്ദേഹത്തിന്റെ കൃതികള്‍ സഞ്ചരിക്കുന്നത്. ആള്‍ക്കൂട്ടം, മരണ സര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, ഗോവര്‍ധന്റെ യാത്രകള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത് തുടങ്ങിയവ കേരളത്തിലെ വായനാക്കാര്‍ക്ക് പുതിയ അനുഭവം നല്‍കിയ രചനകളാണ്.

അധികാര കേന്ദ്രങ്ങളുടെ ചരിത്രപരമായ അടിച്ചമര്‍ത്തലുകള്‍, ഇരകള്‍, ചൂഷണം, എന്നിവയുമായി ബന്ധപ്പെട്ട ചെറുത്തു നില്‍പുകളുടെ പ്രതീകങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. അധികാരകേന്ദ്രങ്ങളെ തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്യുന്നതല്ല, മറിച്ച് അവയെ പ്രായോഗികവത്കരിക്കാനാണ് അദ്ദേഹത്തിന്റെ രചനകള്‍ ശ്രമിക്കുന്നത്.കഴിഞ്ഞ കാലം കാത്തു വച്ചിരിക്കുന്ന പാഠങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാകും ആനന്ദുമായി നടക്കാന്‍ പോകുന്ന സംഭാഷണം.ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കലാവിരുന്നായ കൊച്ചി ബിനാലെയുടെ മൂന്നാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. നാലുമാസത്തോളം നീളുന്നതാണ് ഈ കലാപ്രദര്‍ശനങ്ങള്‍.

NO COMMENTS

LEAVE A REPLY