ഇന്ത്യന്‍ നാവികസേനക്ക് കരുത്ത് കൂട്ടാന്‍ അത്യാധുനിക സജ്ജീകരണങ്ങളുമായി മിസൈല്‍ നശീകരണ കപ്പലായ ‘മോര്‍മുഗാവോ’ നീറ്റിലിറക്കി

201

മുംബൈ: ഇന്ത്യന്‍ നാവികസേനക്ക് കരുത്ത് കൂട്ടാന്‍ അത്യാധുനിക സജ്ജീകരണങ്ങളുമായി മിസൈല്‍ നശീകരണ കപ്പലായ ‘മോര്‍മുഗാവോ’ മുംബൈയില്‍ നീറ്റിലിറക്കി.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മോര്‍മുഗാവോ ലോകത്തെ മികച്ച യദ്ധോപകരണങ്ങളുമായി കിടപിടിക്കുന്നതാണെന്ന് നാവികസേന അഡ്മിറല്‍ ചീഫ് സുനില്‍ ലന്‍ബ പറഞ്ഞു.അഡ്മിറല്‍ ലന്‍ബയുടെ ഭാര്യ റീനയാണ് ഇന്ന് രാവിലെ 12 മണിയോടെ മോര്‍മുഗാവോ മിസൈല്‍ നശീകരണ കപ്പല്‍ അറബിക്കടലില്‍ ഇറക്കിയത്.മോര്‍മുഗാവോ പുറത്തിറക്കിയെങ്കിലും നാവികസേനയുടെ ഭാഗമാകാന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും.നാവികസേനയുടെ ഭാഗമാകുന്നതോടെ ഐ.എന്‍.എസ് മോര്‍മുഗാവോ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക.കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മാസ്ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് (എം.ഡി.എല്‍) മോര്‍മുഗാവോ നിര്‍മ്മിച്ചിരിക്കുന്നത്. 15-ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാല് അധ്യാധുനിക നശീകരണക്കപ്പലുകളില്‍ രണ്ടാമത്തേതാണ് മോര്‍മുഗാവോ.
ആദ്യത്തെ കപ്പലായ വിശാഖപട്ടണം 2015 ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. 2020-24 വര്‍ഷത്തിനിടയില്‍ മറ്റു നശീകരണ കപ്പലുകള്‍ക്കൂടി കരസേനക്ക് ലഭ്യമാക്കുമെന്ന് എം.ഡി.എല്‍ അധികൃതര്‍ അറിയിച്ചു. 7300 ടണ്‍ കിലോഗ്രാം ഭാരമുള്ള മോര്‍മുഗാവോയ്ക്ക് 163 മീറ്റര്‍ ആണ് നീളം. 4 ഉക്രേനിയന്‍ ഗ്യാസ് ടര്‍ബൈന്‍ എന്‍ജിന്‍ കരുത്ത് പകരുന്ന കപ്പലിന് മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ (56 കിലോമീറ്റര്‍ വരെ) വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും.ബാരക് -8 ദീര്‍ഘദൂര മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പലിന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കാറിന്റെ സംസ്ഥാനമായ ഗോവയിലെ മോര്‍മുഗാവോ തുറമുഖത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
നൂറുകണക്കിന് കിലോമീറ്റര്‍ അകലെ വച്ച്‌ തന്നെ ആക്രമണ ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത മള്‍ട്ടി ഫംഗ്ഷന്‍ സര്‍വൈലന്‍സ് ത്രെട്ട് അലേര്‍ട്ട് റഡാര്‍ (എംഎഫ്-സ്റ്റാര്‍) ആണ് ഈ കപ്പലിന്റെ ഏറ്റവും പ്രധാന സവിശേഷത. കൂടാതെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും മോര്‍മുഗാവോയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY