കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട ; 180 കിലോ ‘ഖാട്ട്’ കംസ്റ്റംസ് പിടികൂടി

267

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 180 കിലോ ‘ഖാട്ട്’ കംസ്റ്റംസ് പിടികൂടി. കഞ്ചാവിനോട് സാമ്യമുള്ള മയക്കുമരുന്ന് ചെടിയാണ് ഖാട്ട്. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നിന്ന് പാർസലായാണ് ഖാട്ട് കൊച്ചിയിൽ എത്തിയത്.
വർണ കടലാസുകളിൽ പൊതിഞ്ഞ സമ്മാന പൊതികൾ. മയക്കുമരുന്നാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകില്ല. ഒൻപത് പെട്ടികളിൽ ചെറിയ പൊതികളായാണ് 180 കിലോ ഖാട്ട് കൊച്ചിയിൽ എത്തിയത്. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നിന്ന് കൊച്ചിയിലേക്ക് പാർസൽ അയക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ആഫ്രിക്കൻ, അറേബ്യൻ മേഖലകളിൽ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ഖാട്ട്. കതീൻ, കതിനോൺ തുടങ്ങിയ വീര്യമേറിയ മയക്കുമരുന്നുകൾ ഖാട്ടിൽ നിന്ന് ഉത്പാദിപ്പിക്കാനാകും. 50 ഗ്രാം കതീൻ കൈവശം വയ്ക്കുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഗൾഫ് രാജ്യങ്ങളിൽ ഖാട്ട് കടത്തുകാർക്ക് വധശിക്ഷയാണ് നൽകുന്നത്. എത്യോപ്യയിൽ നിന്ന് നേരത്തെയും കൊച്ചിയിലേക്ക് ഖാട്ട് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് കസ്റ്റംസ്. കൊച്ചിയിൽ ആരാണ് ഖാട്ട് കടത്തിന് സഹായിക്കുന്നതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കാനും വിദേശത്ത് നിന്നെത്തുന്ന പാർസലുകൾ കർശനമായി പരിശോധിക്കാനുമാണ് അധികൃതരുടെ തീരുമാനം.

NO COMMENTS

LEAVE A REPLY