അഫ്ഗാനില്‍ സുപ്രിംകോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

222

കാബൂള്‍: അഫ്ഗാനില്‍ സുപ്രിംകോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുക്കളുമായെത്തിയ വ്യക്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസവും സമാനമായ ആക്രമണം തലസ്ഥാനത്തെ സുപ്രിംകോടതി മന്ദിരത്തിന് പുറത്തുണ്ടായിരുന്നു. 50 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തു. തലസ്ഥാന മധ്യത്തിലാണ് അഫ്ഗാനിലെ സുപ്രിംകോടതി മന്ദിരം. സ്ഫോടനത്തില്‍ 48 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദാനിഷ് പറഞ്ഞു. മരണ സംഖ്യ ഉയരാനാണ് സാധ്യത.
സുപ്രിംകോടതി മന്ദിരത്തിന്റെ പ്രധാന കവാടത്തിലല്ല സ്ഫോടനമുണ്ടായത്. തെക്ക് വശത്ത് ജീവനക്കാര്‍ ഉപയോഗിക്കുന്ന വഴിയിലാണ് ആയുധങ്ങളുമായെത്തിയ അക്രമി പൊട്ടിത്തെറിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മഞ്ഞുമൂടിയ നഗരത്തിലെ റോഡില്‍ രക്തം ചിതറിക്കിടക്കുകയാണ്. നിരവധി ആംബുലന്‍സുകള്‍ ചീറിപായുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. പ്രദേശം പോലിസ് വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ അക്രമികള്‍ സ്ഥലത്തുണ്ടാവുമെന്ന ആശങ്ക പരന്നിട്ടുണ്ട്. അഫ്ഗാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരേ താലിബാന്റെയും മറ്റു സായുധ സംഘങ്ങളുടെയും ആക്രമണം പതിവാണ്. 2001ന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. 3498 പേരാണ് 2016ല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സഭാ റിപോര്‍ട്ടില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY