ഞാന്‍ മരിച്ചാല്‍ ഉത്തരവാദികള്‍ എന്റെ പിതാവും സഹോദരനും; വീഡിയോ പുറത്തു വന്നതിനു പിന്നാലെ പെണ്‍കുട്ടി കൊല്ലപ്പെട്ടു

147


ലഖ്നൗ: തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച്‌ പകര്‍ത്തിയ വീഡിയോ പുറത്തു വന്നതിനു പിന്നാലെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. അഭിമാനത്തിന് വേണ്ടി എന്റെ കുടുംബം എന്നെ വധിച്ചേക്കാം എന്നു പെണ്‍കുട്ടി പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അവര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ശുചിമുറിയില്‍ വച്ച്‌ പെണ്‍കുട്ടി തന്നെ പറയുന്നതായുള്ള വീഡിയോയാണ് ഇത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ സോണി എന്ന പെണ്‍കുട്ടിയാണ് വീഡിയോദൃശ്യങ്ങളിലുള്ളത്.
“എന്റെ അച്ഛനും സഹോദരനും എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, അതിനുവേണ്ടിയാണ് അവര്‍ എന്നെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

എന്റെ ജീവന്‍ അപകടത്തിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരാണ് ഉത്തരവാദികള്‍. എനിക്ക് പ്രായപൂര്‍ത്തിയായി, ഞാന്‍ ഇമ്രാനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു.”
സോണി വീഡിയോയില്‍ പറയുന്ന വാക്കുകളാണിത്. ചൊവ്വാഴ്ച്ച മുതല്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇവരെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുന്നതിനു മുമ്ബ് തന്നെ സോണി കൊല്ലപ്പെട്ടിരുന്നുവെന്നാണ് സൂചന.
പെണ്‍കുട്ടി മരണപ്പെട്ട പശ്ചാത്തലത്തില്‍ വീഡിയോ അടിസ്ഥാനമാക്കി പോലീസ് സോണിയുടെ മാതാപിതാക്കള്‍ക്കും നാല് സഹോദരന്‍മാര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെല്ലാവരും ഒളിവിലാണ്. ബന്ധുക്കള്‍ മറവു ചെയ്ത സോണിയുടെ മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അന്തരികാവയവങ്ങളുടെ സാമ്ബിളുകള്‍ ഫോറന്‍സിക് ടെസ്റ്റിനും അയച്ചിട്ടുണ്ട്.
അതേസമയം മുംബൈയിലായിരുന്നുവെന്ന് കരുതുന്ന സോണി കുടുബാംഗങ്ങള്‍ക്കൊപ്പം കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബാണ് ഗ്രാമത്തിലെ വീട്ടിലെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച സോണി മരണപ്പെടുകയും ചെയ്തു. മരണകാരണത്തെ കുറിച്ച്‌ ഉയര്‍ന്ന സംശയങ്ങള്‍ക്ക് കുടുംബം മറുപടി നല്‍കാന്‍ തയ്യാറായതുമില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെ സോണി മരിച്ചെന്നാണ് ബന്ധുക്കള്‍ ഗ്രാമവാസികളോട് പറഞ്ഞത്. എന്നാല്‍ മരണവാര്‍ത്തയറിഞ്ഞ് അവരുടെ വീട്ടിലെത്തിയപ്പോള്‍ വെള്ളിയാഴ്ച്ചാണ് മരിച്ചതെന്നും മൃതദേഹം ഇസ്ലാമിക മതാചാര പ്രകാരം മറവു ചെയ്തെന്നും ഇവരെ അറിയിക്കുകയായിരുന്നു.
അതേസമയം ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എന്നാണ് സോണി പകര്‍ത്തിയതെന്നും എവിടെ വച്ചാണ് പകര്‍ത്തിയതെന്നിനെ കുറിച്ചും വ്യക്തമായ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പറയുന്ന ഇമ്രാന്‍ എന്ന യുവാവിനെ തിരക്കി പോലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വീഡിയോയില്‍ നിന്നും എല്ലാ വിശദാംശങ്ങളും ലഭിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വീഡിയോ മറ്റാരെങ്കിലുമാകാം പകര്‍ത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് ആരായിരുന്നുവെന്നതിനെ സംബന്ധിച്ചും പോലീസിന് വ്യക്തതയില്ല.

NO COMMENTS

LEAVE A REPLY