സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

234

മുംബൈ: നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്. റിസര്‍വ് ബാങ്കിന് അയച്ച കത്തിലാണ് ക്രമക്കേടുകളക്കുറിച്ച്‌ പറയുന്നത്. മുംബൈ, പുണെ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളില്‍ ഇത്തരത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും അക്കൗണ്ടുകളിലെ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു. മാത്രമല്ല മുംബൈ, പുണെ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളില്‍ മാത്രം 113 കോടി രൂപ കണക്കില്‍ പെടാതെ ഉണ്ടെന്നും ആര്‍ബിഐയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ഇവയെല്ലാം പഴയ 1000,500 നോട്ടുകളാണെന്നും വകുപ്പ് പറയുന്നു. പുണെയിലെ സഹകരണ ബാങ്ക് കഴിഞ്ഞ ഡിസംബര്‍ 23 ന് ആര്‍ബിഐയ്ക്ക് സമര്‍പ്പിച്ച കണക്കില്‍ 242 കോടി രൂപയാണ് കൈവശം ഉള്ളതെന്ന് പറയുന്നു. എന്നാല്‍ 141 കോടിയുടെ നീക്കിയിരിപ്പ് മാത്രമേ ബാങ്കിന്റെ പക്കല്‍ യഥാര്‍ഥത്തില്‍ ഉള്ളു. ഇതിനര്‍ഥം അവരുടെ പക്കല്‍ 101.07 കോടിയുടെ പഴയ അസാധു നോട്ടുകള്‍ ഉണ്ടെന്നാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. മുബൈയിലെ ഒരു സഹകരണ ബാങ്കില്‍ ഇതേപോലെ 11.89 കോടിയുടെ അധിക പണം ഉണ്ടെന്നും വകുപ്പ് പറയുന്നു. കൈവശമുള്ള നോട്ടുകളുടെ എണ്ണം അധികമായി കാണിക്കുന്നതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നു. സമാനമായ സംഭവങ്ങള്‍ പല സഹകരണ ബാങ്കുകളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ധനമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംശയാസ്പദമായ പേരുകളില്‍ വായ്പ നല്‍കിയതായും തിരിച്ചടച്ചതായും വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY