വി.എസിന് താക്കീത്; ജയരാജനും ശ്രീമതിക്കുമെതിരെ നടപടിയില്ല

248

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടിയില്ല. നടപടി താക്കീതില്‍ ഒതുക്കാനാണ് തിരുവനന്തപുരത്ത് ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്. അതേസമയം ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന ഇ.പി ജയരാജനെതിരെയും പി.കെ ശ്രീമതിക്കെതിരെയും ഇപ്പോള്‍ നടപടി വേണ്ടെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ ഇരുവരുടെയും പ്രവൃത്തി പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇവര്‍ക്കെതിരായ നടപടി ഇപ്പോള്‍ ഒഴിവാക്കിയത്. വി.എസിനെതിരെ കടുത്ത നിലപാട് വേണ്ടെന്ന് പി.ബി കമ്മീഷന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു‍. കടുത്ത അച്ചടക്ക ലംഘനം നടത്തിയെങ്കിലും വി.എസിന് കൂടി ആശ്വാസം പകരുന്ന നിലപാടാണ് പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റി സ്വീകരിച്ചത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതിന് അദ്ദേഹത്തെ താക്കീത് ചെയ്യാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. വി.എസ് അച്യുതാനന്ദനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തില്ല. പകരം സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരും. സമിതി യോഗത്തില്‍ പങ്കെടുക്കാനും പ്രസംഗിക്കാനുമുള്ള അവസരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനമായി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് രാവിലെ വി.എസ്, സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന നേതൃത്വം കര്‍ശന നിലപാടെടുത്തതോടെയാണ് സ്ഥിരം ക്ഷണിതാവാക്കാന്‍ തീരുമാനിച്ചത്. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ ഇപ്പോള്‍ നടപടി ഒഴിവാക്കി എങ്കിലും ഇരുവര്‍ക്കുമെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഇരുവരുടെയും പ്രവര്‍ത്തികള്‍ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ ഇതിലേക്കുള്ള സൂചനയാണ് നല്‍കുന്നത്.

NO COMMENTS

LEAVE A REPLY