കോഴിക്കോട് ലോറി ബൈക്കിലിടിച്ച്‌ ദമ്പതികള്‍ മരിച്ചു

174

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ ദമ്ബതിമാര്‍ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂര്‍ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്.കെ.എല്‍. 58 എല്‍ 3527 യമഹ എസ്.ഇസഡ്. ബൈക്കാണ് പാലാഴി മെട്രോ ആസ്പത്രിക്ക് സമീപം ഞായറാഴ്ച അര്‍ധരാത്രി നടന്ന അപകടത്തില്‍പ്പെട്ടത്. വടകരയില്‍നിന്ന് മലപ്പുറം രാമപുരത്തെ ജിജിയുടെ വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. ബൈക്ക് ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന നിറപറ കമ്ബനിയുടെ വിതരണ ലോറിയില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. കത്തിയമര്‍ന്ന ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ കാല്‍ കുരുങ്ങിയ യുവാവ് ബൈക്കിനു മുകളില്‍ കത്തിയമര്‍ന്ന നിലയിലായിരുന്നു. ബൈക്കില്‍നിന്നു തെറിച്ചുവീണ യുവതിയെ പിന്നീടാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

യുവതിയും ഭൂരിഭാഗം പൊള്ളലേറ്റ നിലയിലായിരുന്നു. യുവതിയുടെ മാലയും പാദസരങ്ങളും മാത്രമാണ് തിരിച്ചറിയാനുള്ള അടയാളങ്ങളായുണ്ടായിരുന്നത്. ആഭരണങ്ങള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസില്‍ മണിയുടെ മകനാണ് മജീഷ്. വടകരയില്‍ ചെരിപ്പ് കന്പനി ജീവനക്കാരനാണ്. അപകടം നടന്ന സ്ഥലത്ത് അഗ്നിശമന സേന എത്താന്‍ നേരം വൈകിയെന്നാരോപിച്ച്‌ ജനങ്ങള്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചു.എന്നാല്‍, റോഡപകടമാണെന്ന് ആദ്യം അറിഞ്ഞതിനെത്തുടര്‍ന്ന് പുറപ്പെട്ട ബീച്ച്‌ അഗ്നിശമന സേന തീപ്പിടിത്തമെന്നറിഞ്ഞ് വീണ്ടും സന്നാഹങ്ങളോടെ പുറപ്പെട്ടതാണ് നേരംവൈകാന്‍ കാരണമായതെന്നാണ് അഗ്നിശമനസേനയുടെ വിശദീകരണം. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

NO COMMENTS

LEAVE A REPLY