കേണലിന്‍റെ ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ ശിപായി അറസ്റ്റില്‍

204

നൈനിറ്റാള്‍: സേനയില്‍നിന്ന് വിരമിച്ച കേണലിന്റെ ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കേണലിന്റെ മുന്‍ ശിപായി പിടിയിലായി. ശിപായിയിക്കൊപ്പം മറ്റൊരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഫെബ്രുവരി 22ന് ആയിരുന്നു കേണല്‍ ഡിഎല്‍ ഷായുടെ ഭാര്യയും മാതാവും ദാരുണമായി കൊലചെയ്യപ്പെട്ടത്. നാലു ദിവസത്തിനു ശേഷമാണ് കേണലിന്റെ സഹായിയായിരുന്ന മഹേന്ദ്ര ഗോസ്വാമി, കേണലിന്റെ വീട്ടില്‍ മരപ്പണി ചെയ്തിരുന്ന അക്തര്‍ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കുള്ള മറ്റൊരാള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് നൈനിറ്റാള്‍ പോലീസ് സൂപ്രണ്ട് ജന്‍മേയ് ഖണ്ടൂരി പറഞ്ഞു. രണ്ടുപേരെയും വധിച്ച ശേഷം 150 ഗ്രാം സ്വര്‍ണവും വെള്ളിയും 25,000 രൂപയും മോഷ്ടിച്ചതായും ഇവര്‍ പുലര്‍ച്ചെ നാല് മണിവരെ ഇവര്‍ വീട്ടില്‍ തങ്ങിയതായും പോലീസ് പറയുന്നു. മോഷ്ടിക്കപ്പെട്ട പണവും സ്വര്‍ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ മഹേന്ദ്ര ഗോസ്വാമി ഷായുടെ ശിപായിയായി മഹര്‍ റജിമെന്റില്‍ ജോലിചെയ്തിരുന്നു. ഷായുടെ വീടുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്നും പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നതായും പോലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY