ഇടുങ്ങിയ രാഷ്ട്രീയ ചിന്തയേക്കാള്‍ വലുതാണ് രാജ്യസുരക്ഷ ; ജവാന്‍മാരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നു ; രാഹുല്‍ ഗാന്ധി

160

ദില്ലി: ഇടുങ്ങിയ രാഷ്ട്രീയ ചിന്തയേക്കാള്‍ വലുതാണ് രാജ്യസുരക്ഷയെന്നും ജവാന്‍മാരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തിന് ശേഷം സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യോഗം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലെ കീഴ്വഴക്കമാണെന്നും പ്രതിപക്ഷ കക്ഷികളുടെ യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ വൈമാനികന്‍റെ സുരക്ഷയുടെ കാര്യത്തില്‍ യോഗം തീവ്രമായ ഉത്കണ്ഠ രേഖപ്പെടുത്തി. രാജ്യസുരക്ഷ അപകടത്തിലേക്ക് നീങ്ങുന്നതിലും സംയുക്ത പ്രസ്താവന സര്‍ക്കാരിനെ ആശങ്ക അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ യോഗം അപലപിച്ചു. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയായിരുന്നു പുല്‍വാമ ഭീകരാക്രമണം. ഭീകരതയെ ചെറുക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരതയെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ പ്രകീര്‍ത്തിക്കുന്നതായും രാഹുല്‍ പറഞ്ഞു. 21 പ്രതിപക്ഷ കക്ഷികളാണ് ഇന്ന് ദില്ലിയില്‍ യോഗം ചേര്‍ന്നത്.

NO COMMENTS