മലപ്പുറത്ത് സ്കൂള്‍ ബസ്സിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

186

കോട്ടപ്പടി: മലപ്പുറം കോട്ടപ്പടിയില്‍ സ്കൂള്‍ ബസ്സിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. കോട്ടപ്പടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്ബതാം ക്ലാസ്സ് വിദ്യാര്‍ഥിനി സിത്താരയാണ് മരിച്ചത്.സ്കൂള്‍ കോമ്ബൗണ്ടിനകത്തു തന്നെയാണ് സംഭവം. വൈകിട്ട് നാലിന് സ്കൂള്‍ വിട്ട ഉടനെയാണ് അപകടമുണ്ടായത്. കുട്ടികളെ കയറ്റിയ ശേഷം പുറപ്പെടാന്‍ ഒരുങ്ങിയ ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു.വഴിയിലുണ്ടായിരുന്നവരെ ഇടിച്ച ബസ് പിന്നീട് മരത്തിലിടിച്ചു നിന്നു. ബസ്സിടിച്ച സിത്താരയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. സിത്താരയെ താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബസ്സിന്റെ ബ്രെയ്ക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.