ബോംബ് വച്ചവർ സ്ഫോടന ശേഷവും സ്ഥലത്തു നിരീക്ഷണം നടത്തി : ഓട്ടോ ഡ്രൈവറുടെ നിർണായക മൊഴി

236

കൊല്ലം ∙ കലക്ടറേറ്റ് വളപ്പിൽ ബോംബ് സ്ഥാപിച്ചവർ സ്ഫോടനം നടന്നു മണിക്കൂറുകളോളം സ്ഥലത്തു നിരീക്ഷണം നടത്തിയ ശേഷമാണു മടങ്ങിപ്പോയതെന്നു വിവരം. സ്ഫോടനം നടന്നതിനു വൈകിട്ടു കലക്ടറേറ്റ് പരിസരത്തു നിന്നു സംശയാസ്പദമായ നിലയിൽ രണ്ടുപേർ തന്റെ ഓട്ടോയിൽ സഞ്ചരിച്ചെന്ന നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയെ തുടർന്നാണിത്.

കലക്ടറേറ്റിനു സമീപമുള്ള ഓട്ടോ ഡ്രൈവറാണു കഴിഞ്ഞ ദിവസം പൊലീസിനെ ഇക്കാര്യം അറിയിച്ചത്. ബുധൻ രാവിലെ 10.50ന് ആയിരുന്നു സ്ഫോടനം. വൈകിട്ടാണു തീരദേശമായ വാടിയിലേക്കു രണ്ടുപേർ ഓട്ടം പിടിച്ചത്. യാത്രയ്ക്കിടയിൽ രണ്ടംഗ സംഘം നടത്തിയ സംഭാഷണത്തിലെ ചില പരാമർശങ്ങളാണു ഡ്രൈവർക്കു സംശയത്തിനിടയാക്കിയത്. നമ്മളൊക്കെയിവിടെയുണ്ടെന്ന് അവർ മനസ്സിലാക്കട്ടെയെന്നു യാത്രക്കാരിൽ ഒരാൾ പറഞ്ഞതായി ഓട്ടോ ഡ്രൈവറുടെ മൊഴിയിൽ പറയുന്നു.

വാടിയിലെത്തിയപ്പോൾ ഇരുവരും ഇറങ്ങി. വാടിയിലും പരിസരത്തും പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിനിടയാക്കിയ ബോംബ് ജില്ലയിൽ തന്നെ നിർമിച്ചതാണെന്നു തുടക്കത്തിൽ തന്നെ സംശയമുണ്ടായിരുന്നു. സ്വിച്ച് ഓണാക്കി 10 മിനിറ്റിനകം പൊട്ടുന്ന രീതിയിലായിരുന്നു ക്രമീകരണം.

വളരെ ദൂരെ നിന്നു സ്ഫോടക വസ്തുവുമായി സഞ്ചരിച്ചു നഗരത്തിൽ എത്താനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറയുന്നു. നഗരപരിധിക്കുള്ളിൽ തന്നെയാണു ബോംബ് നിർമിച്ചതെന്നു തെളിവുകൾ ലഭ്യമായിട്ടില്ലെങ്കിലും അതിനാണു കൂടുതൽ സാധ്യതയെന്നു സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നുണ്ട്. സ്ഫോടനം നടന്നയിടത്തു നിന്നു ശേഖരിച്ച വെടിമരുന്നിന്റെ അവശിഷ്ടങ്ങൾ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെടിമരുന്നു നിർമിച്ചതെവിടെയാണെന്നു കണ്ടെത്താൻ പരിശോധനാ ഫലം സഹായകമായേക്കും.
courtsy : manorama online

NO COMMENTS

LEAVE A REPLY