ജിഎസ്‌ടി നികുതി വർധനവ് ; സംസ്ഥാനത്ത്‌ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വിലകയറി

12

തിരുവനന്തപുരം : ജിഎസ്‌ടി കൗൺസിൽ ഏർപ്പെടുത്തിയ നികുതി വർധന പ്രാബല്യത്തിലായതോടെ അരിയടക്കമുള്ള നിത്യോ പയോഗ സാധനങ്ങൾക്ക്‌ സംസ്ഥാനത്തും വിലകയറി. അരിവില കിലോയ്‌ക്ക്‌ രണ്ടുമുതൽ രണ്ടര രൂപവരെ കൂടി. 25 കിലോയ്‌ക്കുതാഴെയുള്ള പാക്കറ്റിനാണ്‌ ഈ വർധന. അഞ്ചു കിലോ പാക്കറ്റിന്‌ കുറഞ്ഞത്‌ 10 രൂപ കൂടുമെന്ന്‌ പവിഴം റൈസ്‌ എംഡി എൻ പി ജോർജ് പറഞ്ഞു. മിൽമയുടെ ഉൽപ്പന്നങ്ങൾക്കും വില കൂടി.

പാക്കറ്റിലാക്കിയ, ലേബലുള്ള ഭക്ഷ്യ വസ്‌തുക്കൾക്ക്‌ അഞ്ചുശതമാനംവരെയാണ്‌ വിലകൂടിയത്‌. എന്നാൽ, ആദ്യദിവസം ചെറുകിട മേഖലയിൽ കാര്യമായ വിലക്കയറ്റം പ്രകടമായില്ല. പഴയസ്റ്റോക്ക്‌ വിറ്റതും ആശയ ക്കുഴപ്പം മൂലം വ്യാപാരികൾ പുതിയ സ്‌റ്റോക്ക്‌ വിൽക്കുന്നത്‌ ഒഴിവാക്കിയ തുമാണ്‌ കാരണം. ചൊവ്വമുതൽ സാധനങ്ങൾക്ക്‌ വില കൂടുമെന്ന്‌ വ്യാപാരികൾ പറഞ്ഞു.

അതേസമയം, ആയിരംരൂപയിൽ കുറവുള്ള ഹോട്ടൽ മുറികൾക്ക്‌ ഉയർന്ന വാടക ഈടാക്കി തുടങ്ങി. 30 രൂപ മുതൽ 50വരെയാണ്‌ വർധന. മഷിക്ക്‌ 4.50–-6 രൂപവരെയാണ്‌ വർധന. ചാർട്ടിനും പെൻസിൽ ഷാർപ്‌നർക്കും ഒരു രൂപയെങ്കിലും കൂടും. 25 കിലോയ്‌ക്കു മുകളിലുള്ള പാക്കറ്റുകൾക്ക് നികുതി ഒഴിവാക്കി എന്നത് വ്യക്തതയില്ലാത്ത തീരുമാനമാണെന്ന്‌ കോൺഫെഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യട്രേഡേഴ്‌സ്‌ പറയുന്നു.

ജിഎസ്ടി കൗൺസിലിന്റെ നീക്കം, ചെറുകിട, ഇടത്തരം വ്യാപാരികളെ നിയമ കുരുക്കുകളിൽപ്പെടുത്തുമെന്ന്‌ സംസ്ഥാന പ്രസിഡന്റ് പി വെങ്കിട്ടരാമ അയ്യർ പറഞ്ഞു. ക്ഷീര ഉൽപ്പന്നങ്ങൾക്കുള്ള നികുതി ചെറുകിട ഡെയറി ഫാമുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS