സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ടു കടലില്‍ വീണ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി

174

കോവളം: കടല്‍ക്കരയിലെ പാറക്കെട്ടില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ടു കടലില്‍ വീണ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി. ഇവരോടൊപ്പം തിരയില്‍പ്പെട്ട മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ആഴിമല ശിവക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വദേശികളായ പ്രദീപ് റോയ് (27), സുകുമാര്‍ റോയ് (22) എന്നിവരെയാണു കടലില്‍ കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രസന്‍ജിത്ത് റോയ് (24) തിരയില്‍ അകപ്പെട്ടെങ്കിലും പാറയില്‍ പിടികിട്ടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടുകൂടി കടല്‍ കാണാന്‍ എത്തിയതായിരുന്നു അഞ്ചംഗ തൊഴിലാളികള്‍.ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കിഷോര്‍ ഉറവ് (26), ലഖിറാം ഒറാന്‍ (32) എന്നിവരെ പാറക്കെട്ടിനു മുകളില്‍ ഇരുത്തി കടലില്‍ ഇറങ്ങി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. സംഭവം നടന്ന ഉടന്‍ തീരദേശപോലീസ്, മെറെന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ശക്തമായ കടല്‍ ക്ഷോഭം തെരച്ചിലിന് തടസമാകുന്നതായി വിഴിഞ്ഞം തീരദേശ പോലീസ് അറിയിച്ചു. തീരദേശ പോലിസിന്‍റെ രണ്ട് പട്രോള്‍ ബോട്ടുകളും തീര രക്ഷാസേനയുടേയും മെറെന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെയും ഓരോ ബോട്ടുകളുമാണ് തെരച്ചില്‍ നടത്തുന്നത്. കോട്ടുകാല്‍ പഞ്ചായത്തിന്‍റെ സിവില്‍ സ്റ്റേഷന്‍ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കടലില്‍ വീണത്. ഇതിന് സമീപത്തായിരുന്നു ഇവരുടെ താമസവും.

NO COMMENTS

LEAVE A REPLY