ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി

220

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി. മുംബൈ നേവല്‍ ഡോക്ക്യാഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് ചെന്നൈ. മുംബൈയിലെ മാസഗോണ്‍ ഡോക്കിലാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. കൊല്‍ക്കത്ത ക്ലാസ് യുദ്ധക്കപ്പലായ ചെന്നൈയ്ക്ക് 7500 ടണ്ണാണു ഭാരം. ആയുധങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഇസ്രയേലും റഷ്യയും നിര്‍മിച്ച്‌ നല്‍കി. ബഹ്മോസ് മിസൈലുകള്‍, ഉപരിതലത്തില്‍ നിന്നു തൊടുക്കാവുന്ന ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള സെന്‍സറുകള്‍, ടോര്‍പിഡോ ലോഞ്ചറുകള്‍ എന്നിവയുള്‍പ്പെടെയുളള സന്നാഹങ്ങളാണു കപ്പലിലുള്ളത്. രണ്ട് വിവിധോദ്ദേശ ഹെലിക്കോപ്റ്ററുകളും കപ്പലില്‍ വിന്യസിക്കാനാകും. 40 ഓഫിസര്‍മാരെയും 330 സൈനികരെയും വഹിക്കാവുന്ന കപ്പലിന് 25 ദിവസം നിര്‍ത്താതെ യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലാണിത്. പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലാകും ഇനി ചെന്നൈയുടെ ദൗത്യങ്ങള്‍. ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ആധുനിക സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഐ.എന്‍.എസ് ചെന്നൈ. കൊല്‍ക്കത്ത ക്ലാസിലെ മൂന്നാമത്തെ കപ്പലായ ഇതിനു നാലായിരം കോടി രൂപയിലേറെയാണ് നിര്‍മാണച്ചെലവ്.

NO COMMENTS

LEAVE A REPLY