രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത് ഇനി ഓണ്‍ ലൈന്‍ വഴി

228

തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത് ഇനി ഓണ്‍ലൈന്‍ ആയി. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഇതിനുള്ള സംവിധാനം ഒരുങ്ങി. 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ രജിസ്ട്രേഷന്‍ ഫീസായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ചാക്കില്‍ നിറച്ച്‌ നാണയങ്ങള്‍ വരെ എത്തിച്ചിരുന്നു. ഇത് വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ജീവനക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷന്‍ ഫീസ് ബാങ്ക് വഴിയാക്കാന്‍ അടിയന്തരമായി ഒരുക്കങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഒരു സുരക്ഷിതത്വവും ഇല്ലെന്നുള്ള വസ്തുത നിലനില്‍ക്കെയാണ് ഈ തീരുമാനം. ഇതിനിടെ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ട്രഷറിയില്‍ അടയ്ക്കുന്നതിന് കൊണ്ടുപോയ അര കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവവും ഉണ്ടായി. ഇതില്‍ രണ്ട് സബ് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെ സസ്പെന്‍ഡും ചെയ്തിരുന്നു. ഇതോടെയാണ് രജിസ്ട്രേഷന്‍ വകുപ്പ് രജിസ്ട്രേഷന്‍ ഫീസും ഇപേമെന്റാക്കുന്നതിനെ ക്കുറിച്ച്‌ സജീവമായി ആലോചിച്ചത്.

NO COMMENTS

LEAVE A REPLY