വയനാട് കടുവാ ആക്രമണം

7

വയനാട്ടിലെ കടുവാ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി വയനാട്ടിൽ നിന്നുള്ള സംഘം മുഖ്യമന്ത്രി യെയും വനം മന്ത്രിയെയും സന്ദർശിച്ചു. സംഘം മുന്നോട്ടു വച്ച വിവിധ ആവശ്യങ്ങൾ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കന്നുകാലികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെയുള്ള നഷ്ടപരിഹാരമായി ഒൻപത് പേർക്ക് 6,45,000 രുപ നൽകിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പശുവിന് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം കണക്കാക്കപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്ന കാര്യത്തിലും തുക കണക്കാക്കുന്ന കാര്യത്തിലും വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതലായി ഒരു ആർ.ആർ.ടി കൂടി വയനാട്ടിൽ അനുവദിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇപ്പോൾ പ്രശ്നമുണ്ടാക്കുന്ന കടുവ രാത്രിയിൽ മാത്രം വനത്തിന് പുറത്തു വരുന്നതും പകൽ സമയങ്ങളിൽ വയനാട്ടിലെയും തമിഴ്നാട്ടിലെ മുതമലൈ കടുവാ സങ്കേതത്തിലും മറഞ്ഞിരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുതുമല ഫീൽഡ് ഡയറക്ടറുമായി കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ വിഷയം ചർച്ച ചെയ്യുകയും കടുവയെ പിടികൂടുന്നതിനുള്ള സംയുക്ത നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിക്കുന്നതാണ്. കൂടാതെ വിവിധ സ്ഥലങ്ങളിലായി അവർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

നഷ്ടപരിഹാര തുക കണ്ടെത്തുന്നതിനായി 2022-23 കാലത്തേക്ക് 10 കോടി രൂപ കൂടി അധികമായി ആവശ്യപ്പെട്ട് ധനവകുപ്പിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. മറ്റ് ധനശീർഷകത്തിൽ നിന്നും ധനപുനർവിനിയോഗം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത വനം ഉദ്യോഗസ്ഥർ വയനാട്ടിൽ ഉള്ളതായും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.

പ്രത്യേക സംഘവുമായി വനം മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജനപ്രതിനിധികൾ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

NO COMMENTS