കോവിഡ് കാലത്തെ പൊതുജനാരോഗ്യം – സമഗ്ര പദ്ധതികളുമായി ഹോമിയോപ്പതി വകുപ്പ്

50

കാസര്‍കോട് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ലയില്‍ സജീവമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പൊതു ഗതാഗത സംവിധാനമെല്ലാം സ്തംഭിച്ച സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളും ക്ലിനിക്കുകളുമെല്ലാം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാനായി ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് ടെലിമെഡിസിന്‍ ആന്റ് കൗണ്‍സിലിങ് സെല്‍ രൂപീകരിച്ചു.

ഈ സംവിധാനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും അവരുടെ ബുദ്ധിമുട്ടുകള്‍ക്കും സംശയനിവാരണത്തിനും എല്ലാ ദിവസവും രാവിലെ 9നും വൈകുന്നേരം 5നും ഇടയില്‍ ടെലഫോണ്‍ വഴി ഡോക്ടര്‍മാരെയും സൈക്കോളജിസ്റ്റിനെയും നേരിട്ട് ബന്ധപ്പെടാനുള്ള സാഹചര്യമൊരുക്കി.

സീതാലയം (സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രൊജക്റ്റ്), സദ്ഗമയ (കൗമാര പെരുമാറ്റവൈകല്യ-ആരോഗ്യസംരക്ഷണ പരിപാടി), ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ (ജീവിത ശൈലീരോഗ നിയന്ത്രണ പദ്ധതി), പുനര്‍ജനി (ലഹരി വിമുക്തി ക്ലിനിക്), ജനനി (വന്ധ്യതാ നിവാരണ പരിപാടി) എന്നീ പ്രൊജക്റ്റുകളില്‍ സേവനം തേടുന്ന ആളുകള്‍ക്ക് ഈ സേവനം നിരന്തരം ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ ആന്റ് കൗണ്‍സിലിങ് സെല്‍ വഴി സാധിച്ചു.

കോവിഡ് പ്രതിരോധത്തിന് ഹോമിയോപ്പതി മരുന്നുകളും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാ ത്തലത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ജില്ലയിലുടനീളം ഹോമിയോപ്പതി വകുപ്പ് വിതരണം ചെയ്തിരുന്നു.. ലോക് ഡൌണ്‍ ഘട്ടത്തില്‍ തന്നെ ജില്ലയുടെ വിവിധ ഭാഗ ങ്ങളില്‍ ഡങ്കിപ്പനി വ്യാപകമാവുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം അത്തരം പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഡങ്കിപ്പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ജില്ലയില്‍ വ്യാപക മായി ഡങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു.

ദ്രുതകര്‍മ സാംക്രമികരോഗ നിയന്ത്രണസെല്ലിന്റെ ജില്ലാ യൂനിറ്റ് നിശ്ചിത ഇടവേളകളില്‍ യോഗം ചേരുകയും ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രോഗപ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തതും നടപ്പില്‍ വരുത്തിയതും.

ഹോമിയോപ്പതി വകുപ്പ് ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കാസറഗോഡ് ജില്ലയില്‍ 3 ആശുപത്രികളും 27 ഡിസ്‌പെന്‍സറികളും 19 എന്‍എച്ച്എം ഡിസ്പെന്‍സറികളും ആണ് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം ഓരോ വര്‍ഷവും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ താഴെ പറയുന്ന പദ്ധതികളും ജില്ലയില്‍ നടന്നുവരുന്നു

ജനനി വന്ധ്യത ചികത്സാ കേന്ദ്രം കുട്ടികളില്ലാത്ത ദുഃഖം ദീര്‍ഘകാലമായി അനുഭവിക്കുന്ന, വിവിധ വഴികള്‍ തേടിയിട്ടും വന്ധ്യതയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത ദമ്പതികള്‍ക്ക് ഒരാശ്രയം എന്ന രീതിയില്‍ ആവിഷ്‌കരിച്ച ഒരു പദ്ധതിയാണിത്. കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. തുടങ്ങിക്കഴിഞ്ഞ് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച ഫലം പുറത്തുകൊണ്ടുവരാന്‍ ജനനി പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.

സീതാലയം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേകകേന്ദ്രം എന്ന നിലയിലാണ് സീതാലയം പ്രവര്‍ത്തിക്കുന്നത്. ലിംഗ അസമത്വം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സമൂഹത്തില്‍ തുല്യമായ ഇടം ലഭിക്കാത്തിടത്തോളം സ്ത്രീകള്‍ക്കുണ്ടാകുണ്ട പ്രശ്നങ്ങളും നിരവധി യായിരിക്കും എന്ന തിരിച്ചറവില്‍ നിന്നാണ് സീതാലയം പദ്ധതിയുടെ പിറവി. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള ആള്‍ക്കാര്‍ സീതാലയം പദ്ധതിയുടെ സേവനം തേടി കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സീതാലയം വിഭാഗത്തിലേക്ക് എത്തിച്ചേരുന്നണ്ട്. ലഹരിമുക്തിക്കായുള്ള പുനര്‍ജനി എന്ന പദ്ധതിയും സീതാലയത്തോടൊപ്പം എല്ലാ വെള്ളിയാഴ്ചകളിലും പ്രവര്‍ത്തിച്ചുവരുന്നു

കൗമാര ആരോഗ്യ സംരക്ഷണ-പെരുമാറ്റ വൈകല്യ പരിഹാര പരിപാടി (സദ്ഗമയ) – കൗമാരക്കാരായ കുട്ടികള്‍ നേരിടുന്ന അരക്ഷിതബോധം, ആത്മവിശ്വാസക്കുറവ്, ഓര്‍മക്കുറവ്, പഠനത്തോടുള്ള താല്‍പര്യക്കുറവ്, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായിട്ടാണ് സദ്ഗമയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളുടെ മാത്രം പോരായ്മയും പരിമിതികളുമല്ല അവരുടെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള കാരണം എന്നും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ പ്രവണതകളും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കുന്നുണ്ട് എന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് സദ്ഗമയയുടെ പ്രവര്‍ത്തനപദ്ധതികളെല്ലാം രൂപപ്പെടുത്തിയിട്ടുള്ളത്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ എന്നിവരുടെ സേവനം സദ്ഗമയയില്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ തന്നെയാണ് ഈ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലത്ത് കുട്ടികളുമായി ബന്ധപ്പെട്ട് ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സദ്ഗമയ വിഭാഗത്തിന് സാധിച്ചിരുന്നു.

ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ – ജീവിതശൈലീരോഗങ്ങളുടെ ചികിത്സക്കും പരിഹാരങ്ങള്‍ക്കുമായി ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ എന്നിവയുടെ സമഗ്രമായ സമന്വയത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്ന ചികിത്സയാണ് ഈ വിഭാഗത്തിലൂടെ ലഭ്യമാകുന്നത്. കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ തന്നെയാണ് ആയുഷ് ഹോളിസ്റ്റിക് സെന്ററും പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും യോഗപരിശീലനം ലഭ്യമാകുന്നു എന്നത് ഈ ചികിത്സാകേന്ദ്രത്തിന്റെ പ്രധാനസവിശേഷതയാണ്.

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ കേന്ദ്രം ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം കിടപ്പ് രോഗികള്‍ക്ക് വീട്ടിലേക്ക് ചികിത്സയും സാന്ത്വനവും എത്തിക്കുന്നു. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യപരിപാലനസംഘം നേരിട്ട് വീട്ടിലെത്തിക്കുകയാണ് ഇവിടെ ചെയ്തുവരുന്നത്.

ജെറിയാട്രിക് കേര്‍ സെന്റര്‍ – ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് താങ്ങും തണലുമാവുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. നീലേശ്വരത്തുള്ള എന്‍.കെ.ബി.എം. ഹോമിയോ ആശുപത്രിയിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അത്യന്താധുനിക സൌകര്യങ്ങളോടുകൂടിയ ഫിസിയോതെറാപ്പി യൂനിറ്റിന്റേതുള്‍പ്പെടെയുള്ള സേവനം ഈ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് ലഭ്യമാണ്.

ദ്രുതകര്‍മ സാംക്രമികരോഗനിയന്ത്രണ സെല്‍ – ഹോമിയോപ്പതി സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ നിയന്ത്രണത്തിനായി രൂപീരകിച്ച ഈ സെല്‍ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്ന് വിതരണം, ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഊന്നി പ്രവര്‍ത്തിക്കുന്നു.

അതോടൊപ്പം അസ്ഥി/വാതരോഗ ചികിത്സകള്‍ക്കായി കാഞ്ഞങ്ങാട്, കളനാട് ആശുപത്രികളില്‍ ആഴ്ചയില്‍ ഒരു ദിവസം വീതം പ്രവര്‍ത്തിക്കുന്ന പ്രത്യേകവിഭാഗവും നിലവിലുണ്ട്.

സാമൂഹ്യ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ വ്യക്തവും ശക്തവുമായ ഇടം കണ്ടെത്തിക്കൊണ്ട് അതിനെ വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം പദ്ധികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നടപ്പിലാക്കു വാന്‍ ഹോമിയോപ്പതിവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹോമിയോപ്പതി ചികിത്സയെ അതിന്റെ സമഗ്രതയില്‍ നോക്കിക്കാണാനാവുന്ന ഒരു ജനസമൂഹമാണ് വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിറകിലെ ഊര്‍ജസ്രോതസ്സ്.

NO COMMENTS