ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം ഇന്ന്

192

ന്യൂഡല്‍ഹി• ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം ഇന്ന്. ഭീകരാക്രമണത്തിന് ഏതു രീതിയില്‍ തിരിച്ചടി നല്‍കണമെന്നു യോഗം ചര്‍ച്ചചെയ്യും. അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്കു സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയാണ്.പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്ക്കരിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകള്‍ വ്യോമാക്രമണം നടത്തി തകര്‍ക്കുക, പാക്ക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുക തുടങ്ങി തിരിച്ചടിക്ക് അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിനുമുന്നിലുള്ളത്.എന്നാല്‍ ഒാരോ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്ബോഴുമുണ്ടാകുന്ന വരുവരായ്കകളെക്കുറിച്ചുള്ള ആശങ്കകളാണു കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഉറിയിലെ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ജനരോഷവും സൈനികരോഷവും എങ്ങനെ അതിജീവിക്കുമെന്നതാണു സര്‍ക്കാര്‍ നേരിടുന്ന പ്രധാനചോദ്യം.തിരിച്ചടിക്കാനുള്ള വഴികളും സുരക്ഷാസാഹചര്യങ്ങളും ചര്‍ച്ചചെയ്യാനാണു സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിട്ടുള്ളത്. ഈ ആഴ്ച ആവസാനം സര്‍വകക്ഷിയോഗം വിളിക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. എന്നാല്‍ സര്‍ക്കാരിന്‍റെ പാക്ക് നയതന്ത്രവും ഭീകരവിരുദ്ധനിലപാടുകളും പാളിയെന്നാണു പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആരോപണം.ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചു വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. ബംഗ്ലദേശും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കു പിന്തുണയുമായി സാര്‍ക്ക് സമ്മേളനം ബഹിഷ്ക്കരിച്ചേക്കും. അതിര്‍ത്തില്‍ സൈന്യം ശക്തമായ തിരിച്ചടി തുടരുകയാണ്. ഉറിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ രാജ്യത്തെ വിവിധ ജയിലുകളിലുള്ള ജയ്ഷെ മുഹമ്മദ് സംഘടയില്‍പ്പെട്ട തടവുപുള്ളികളില്‍നിന്ന് എന്‍െഎഎ തേടും.

NO COMMENTS

LEAVE A REPLY